ന്യൂഡല്‍ഹി: പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ആത്മഹത്യ പ്രേരണക്കുറ്റത്തിന് മുന്‍ കാമുകി അറസ്റ്റില്‍. നോയിഡയില്‍ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിറ്റി സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ തപസ്സ് (23) ആണ് മരിച്ചത്. കാമുകി ബന്ധത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്.
തപസ്സും സഹപാഠി കൂടിയായ കാമുകിയും ലിവ് ഇന്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയും പെണ്‍കുട്ടി തപസ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബന്ധം തുടരണമെന്നാവശ്യപ്പെട്ട് തപസ്സും സുഹൃത്തുക്കളും പലതവണ പെണ്‍കുട്ടിയെ സമീപിച്ചെങ്കിലും പെണ്‍കുട്ടി തയാറായില്ല.
ഗാസിയാബാദില്‍ താമസിച്ചിരുന്ന തപസ്സ് ശനിയാഴ്ച നോയിഡയിലെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തുകയും സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ അവിടേക്ക് വിളിച്ചുവരുത്തി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിലും പെണ്‍കുട്ടി വഴങ്ങാതായതോടെ തപസ്സ് ഏഴാം നിലയില്‍നിന്ന് ചാടുകയായിരുന്നു. തപസ്സിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് മുന്‍ കാമുകിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പെണ്‍കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു.