KeralaNEWS

നിലമ്പൂരില്‍ യുഡിഎഫിനായി ഷൗക്കത്തോ ജോയിയോ, എല്‍ഡിഎഫില്‍ ആദ്യ പരിഗണന സ്വരാജിന്?

നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കേ പി.വി അന്‍വറിന്റെ രാജി നിലമ്പൂരിനെ ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചിരിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടം അനുസരിച്ചാണെങ്കില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരളം ഒരു ഉപതിരഞ്ഞെടുപ്പിനെക്കൂടി നേരിടും. നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് 14 മാസം മാത്രമേയുള്ളൂവെന്നതിനാല്‍ ഒരുപക്ഷേ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് വെക്കാനും സാധ്യതയുണ്ട്.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.വി അന്‍വര്‍ തന്നെ നിലപാട് എടുക്കുകയും അതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൂന്നുമുന്നണികളും ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ചര്‍ച്ച മണ്ഡലത്തില്‍ തുടങ്ങിക്കഴിഞ്ഞു. 2021-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂരില്‍ കളമൊരുങ്ങുന്നത്. നാലില്‍ മൂന്നിലും ജയിച്ചത് യുഡിഎഫായിരുന്നു. അതാവട്ടെ അവരുടെ സിറ്റിങ് സീറ്റുകളും. എല്‍ഡിഎഫ് അവരുടെ സിറ്റിങ് സീറ്റായ ചേലക്കരയും നിലനിര്‍ത്തി. തൃക്കാക്കര, പുതുപ്പള്ളി ഏറ്റവും ഒടുവില്‍ പാലക്കാടും യുഡിഎഫിനൊപ്പം തന്നെ നിന്നു. എന്നാല്‍ നിലമ്പൂരില്‍ വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണായകമായിരിക്കും. പിണറായിസം അവസാനിപ്പിക്കാന്‍ യുഡിഎഫിന്റെ പിന്തുണയോടെ അന്‍വറും അന്‍വറിന് മറുപടി കൊടുക്കാന്‍ എല്‍ഡിഎഫും തയ്യാറെടുക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് അത്ര എളുപ്പമുളളതാകില്ലെന്ന് തന്നെയാണ് അന്‍വറിന്റെ രാജിക്ക് പിന്നാലെ വരുന്ന സൂചനകള്‍

Signature-ad

എംഎല്‍എ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെ വിഡി സതീശനോടും രാഹുല്‍ ഗാന്ധിയോടും ഇതുവരെ ഉന്നയിച്ച സര്‍വാരോപണങ്ങള്‍ക്കും മാപ്പ് പറഞ്ഞുകൊണ്ട് യുഡിഎഫിന്റെ പിന്തുണ ഉറപ്പിച്ചു അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും പറഞ്ഞു. പക്ഷെ, അന്‍വര്‍ സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ പേര് നിര്‍ദേശിച്ചത് കോണ്‍ഗ്രസില്‍ ഭിന്നതയ്ക്ക് വഴിമരുന്നിടുന്നതാണ്.

മലയോര മേഖലയിലെ വന്യജീവി പ്രശ്‌നങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അന്‍വര്‍ പറഞ്ഞതെങ്കിലും ജോയിയെ നിര്‍ദ്ദേശിച്ചതിന് പിന്നില്‍ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടാനുള്ള അന്‍വറിന്റെ നീക്കം ഉണ്ടെന്നത് വ്യക്തം. തന്റെ ബദ്ധ ശത്രുവായ ആര്യാടന്‍ ഷൗക്കത്ത് താന്‍ രാജിവെച്ച ഒഴിവില്‍ ജയിച്ച് കയറരുതെന്ന ബുദ്ധിയോടെയാണ് ഉപ തിരഞ്ഞെടുപ്പില്‍ വി.എസ് ജോയി സ്ഥാനാര്‍ത്ഥിയാകണം എന്ന് നിര്‍ദ്ദേശിച്ചതെന്നാണ് വിലയിരുത്തല്‍. നിലവില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ആര്യാടന്‍ ഷൗക്കത്തിനുള്ള മുന്‍തൂക്കം മുന്നില്‍ കണ്ടാണ് അന്‍വറിന്റെ കരുനീക്കം. ഇത് തന്നെയാകും കോണ്‍ഗ്രസും യുഡിഎഫ് മുന്നണിയും വരും ദിവസങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന വലിയ പ്രതിസന്ധിയും.

കെ സി വേണുഗോപാല്‍, എ.പി അനില്‍ കുമാര്‍ തുടങ്ങിയ നേതാക്കളുടെ പിന്തുണ വി.എസ് ജോയിക്ക് ഉണ്ടെങ്കിലും ഷൗക്കത്തിന്റെ പേരിനാണ് മുന്‍ഗണന. അങ്ങനെയെങ്കില്‍ പി.വി അന്‍വറിന്റെ പിന്തുണ ഉണ്ടാവില്ലെന്നത് യുഡിഎഫിന് വെല്ലുവിളിയാകും. അന്‍വര്‍ ഉയര്‍ത്തിയ വന്യജീവി പ്രശ്നങ്ങള്‍ക്ക് മലയോര മേഖലയില്‍ വലിയ ജന പിന്തുണകൂടി ഉണ്ടെന്നിരിക്കെ ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന കാര്യത്തില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ഉള്ളവരുമായി ചര്‍ച്ച നടത്തി ലീഗിന്റെ അഭിപ്രായം കൂടി പരിഗണിച്ചാവും സ്ഥാനാര്‍ത്ഥി നിര്‍ണയം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തട്ടി കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ ഏറെ കരുതലോടെയായിരിക്കും ഹൈക്കമാന്‍ഡും നീങ്ങുക.

നിലവില്‍ ഷൗക്കത്തും ജോയിയും സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്. രണ്ടിലൊരാളെ നിശ്ചയിച്ചാല്‍ മറുപക്ഷം അടിയൊഴുക്കിന് ശ്രമിക്കുമോ എന്ന ആശങ്കയും പങ്കുവെക്കുന്നുവരുമുണ്ട്. അതുകൊണ്ടുതന്നെ സമവായമെന്ന നിലയില്‍ ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥി വന്നുകൂടായ്കയുമില്ല. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു നിലമ്പൂര്‍. ആര്യാടന്‍ മുഹമ്മദിലൂടെ യുഡിഎഫ് ആധിപത്യം സ്ഥാപിച്ച മണ്ഡലം. ആര്യാടന്‍ വിരമിച്ച ശേഷം ഈ മണ്ഡലം ഇടത്തേക്ക് ചാഞ്ഞത് പി വി അന്‍വറിലൂടെയാണ്. 2016-ല്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പി വി അന്‍വര്‍ മണ്ഡലം പിടിച്ചെടുത്തത്.

അതേസമയം, നിലമ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുന്ന സിപിഎം ഫോര്‍മുല കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം കണ്ടതാണ്. 2021-ല്‍ ശക്തമായ മത്സരം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വി വി പ്രകാശിനെതിരെ 2791 വോട്ട് നേടിയാണ് അന്‍വര്‍ ജയിച്ചത്. അന്‍വറിലൂടെ വിജയിച്ച ഫോര്‍മുലയില്‍ അന്‍വറിലൂടെ തന്നെ കൈ പൊള്ളിയ പാര്‍ട്ടി ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ നേരിട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുക.

നാട്ടുകാരന്‍ എന്ന നിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജിന്റെ പേരാകും സിപിഎമ്മില്‍ ആദ്യ പരിഗണനയായി വരുക. സ്വരാജ് മത്സരിച്ചാല്‍ വീറും വാശിയും കൂടും. മുതിര്‍ന്ന നേതാവിനെ തന്നെ നിര്‍ത്തി സീറ്റ് നിലനിര്‍ത്തി അന്‍വറിസം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുക. അന്‍വറിന്റെ ക്രഡിറ്റല്ല ഇടതുവോട്ടാണ് തുണച്ചതെന്ന് ബോധ്യപ്പെടുത്താന്‍ സിപിഎമ്മിന് വിജയം അനിവാര്യമാണ്. സിറ്റിങ് സീറ്റ് കൈവിട്ടാല്‍ സിപിഎമ്മിന് അത് വരാനിരിക്കുന്ന രണ്ട് തിരഞ്ഞെടുപ്പുകളിലേയും സാധ്യതയ്ക്ക് മങ്ങലേല്‍പിക്കും.

യുഡിഎഫും എല്‍ഡിഎഫും തമ്മിലാകും പ്രധാന മത്സരമെങ്കിലും ഫലം നിര്‍ണായകമാകുക അന്‍വറിനാകും. ജോയിയാണെങ്കില്‍ അന്‍വര്‍ വാശിയോടെ രംഗത്തുണ്ടാവും. ഷൗക്കാത്താണെങ്കിലും പിന്തുണയ്ക്കാതെ തരമില്ല. യുഡിഎഫ് തോറ്റാല്‍ മുന്നണിയില്‍ കയറിപ്പറ്റുക അന്‍വറിന് ദുഷ്‌കരമാകുകയും ചെയ്യും. മറിച്ച് നിലമ്പൂര്‍ ത്യജിക്കുകയും ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് തിരിച്ചുപിടിക്കുകയും ചെയ്താല്‍ അന്‍വറിന് യുഡിഎഫിലേക്കുള്ള കവാടം തുറക്കപ്പെടും. നിലമ്പൂരിന് പകരം മലപ്പുറത്തോ കോഴിക്കോട് മറ്റേന്തെങ്കിലും സീറ്റില്‍ അടുത്ത തവണ അന്‍വര്‍ അങ്കത്തിനറങ്ങുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: