മോസ്‌കോ: ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യ. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഒരുലക്ഷം റൂബിള്‍ (ഏകദേശം 81,000 രൂപ) നല്‍കുമെന്നാണ് കരേലിയ പ്രവിശ്യാ ഭരണകൂടത്തിന്റെ വാഗ്ദാനം. ജനുവരി ഒന്ന് മുതലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മാതാവ് ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ കോളജിലോ മുഴുവന്‍ സമയ വിദ്യാര്‍ഥിനിയായിരിക്കണം, പ്രായം 25 വയസ്സില്‍ താഴെയാവണം, കരേലിയയില്‍ സ്ഥിരതാമസക്കാരിയാവണം എന്നിവയാണ് നിബന്ധനകള്‍.
ഗര്‍ഭത്തിലിരിക്കെ മരിച്ച കുഞ്ഞിന് ജന്മം നല്‍കുന്ന മാതാവിന് ഈ ആനുകൂല്യം ലഭിക്കില്ല. സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം (ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അപ്രതീക്ഷിത മരണം) മൂലം കുട്ടി മരിച്ചാല്‍ പണം അസാധുവാക്കുമോ എന്ന് നിയമത്തില്‍ വ്യക്തമാക്കുന്നില്ല. വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ ധനസഹായത്തിന് അര്‍ഹരാണോ എന്നതും ശിശു സംരക്ഷണത്തിനും പോസ്റ്റ്പാര്‍ട്ടം സിന്‍ഡ്രോം മറികടക്കാനും അധിക ധനസഹായം നല്‍കുമോ എന്നതും നിയമത്തില്‍ വ്യക്തമല്ല.
റഷ്യയില്‍ പ്രസവം പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമല്ല കരേലിയ. 11 പ്രവിശ്യാസര്‍ക്കാരുകള്‍ ഇതിനകം തന്നെ പ്രസവത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് പുതിയ അമ്മമാര്‍ക്ക് ആവശ്യമായ സംരക്ഷണവും സാമ്പത്തിക സ്ഥിതിയുമില്ലാത്തതിനാല്‍ നിലവിലെ സഹായപദ്ധതികള്‍ അപര്യാപ്തവും ദീര്‍ഘവീക്ഷണം ഇല്ലാത്തതുമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
2024ന്റെ ആദ്യ പകുതിയില്‍ 599,600 കുട്ടികള്‍ മാത്രമാണ് റഷ്യയില്‍ ജനിച്ചത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇത്. 2023ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 16,000ന്റെ കുറവാണ് ഉണ്ടായത്. 2024 ജൂണിലും ജനന നിരക്കില്‍ വലിയ കുറവാണ് ഉണ്ടായത്.
ജനസംഖ്യയിലുണ്ടായവുന്ന വന്‍ ഇടിവ് രാജ്യത്തിന്റെ ഭാവിക്ക് വലിയ വെല്ലുവിളിയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ജൂലൈയില്‍ പ്രതികരിച്ചിരുന്നു. 1990ല്‍ 148 മില്യണ്‍ ആയിരുന്ന റഷ്യന്‍ ജനസംഖ്യ ഇപ്പോള്‍ 146 മില്യണ്‍ ആയി കുറഞ്ഞിട്ടുണ്ട്. 2100 ആവുമ്പോഴേക്കും ജനസംഖ്യ 74 മില്യണും 112 മില്യണും ഇടയിലേക്ക് താഴുമെന്നാണ് യുഎന്‍ പ്രവചിക്കുന്നത്.