CrimeNEWS

വിവാഹ വാര്‍ഷികത്തിന് വിരുന്ന് ഒരുക്കി, പിന്നാലെ ദമ്പതികള്‍ മരിച്ചനിലയില്‍; ആത്മഹത്യക്കുറിപ്പ് സ്റ്റേറ്റസാക്കി

മുംബൈ: നാഗ്പുരില്‍ ഇരുപത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രമുഖ ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ സാംസണ്‍ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തിയ ഇരുവരുടെയും മരണവാര്‍ത്തയാണു പുലര്‍ച്ചെ കുടുംബാംഗങ്ങളെ തേടിയെത്തിയത്.

ആത്മഹത്യക്കുറിപ്പും വില്‍പത്രവും കണ്ടെത്തിയെങ്കിലും എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. ആദ്യം ആനിയാണ് ആത്മഹത്യ ചെയ്‌തെന്നാണു പൊലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലില്‍ കിടത്തി, വെള്ള പൂക്കള്‍ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ച ശേഷം ജെറില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Signature-ad

സമൂഹമാധ്യമത്തില്‍ ആത്മഹത്യക്കുറിപ്പും വില്‍പത്രവും പങ്കിട്ടിട്ടുണ്ട്. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണു കുറിപ്പിലുള്ളത്. ഇരുവരുടെയും ആഗ്രഹം പോലെ ഒരേ ശവപ്പെട്ടിയിലാണ് അടക്കം ചെയ്തത്. കോവിഡിനു മുന്‍പു ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ പിന്നീട് ജോലി ഉപേക്ഷിച്ചിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും സൂചനയുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ 5.45ന് സമൂഹമാധ്യമത്തില്‍ ആത്മഹത്യക്കുറിപ്പ് സ്റ്റേറ്റസ് ഇട്ടിരിക്കുന്നതു കണ്ട് അയല്‍വാസി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നും കേസില്‍ ദുരൂഹത ഇല്ലെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

 

Back to top button
error: