KeralaNEWS

പിതാവിനെ മകൻ ക്രൂരമായി കൊലപ്പെടുത്തി, 10 മാസത്തിനു ശേഷം പ്രതി ഭാര്യാവീട്ടിൽ ജീവനൊടുക്കി

  കാസർകോട് ബേക്കലിൽ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ ഭാര്യാ വീട്ടിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ പരേതനായ അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച  ഉദുമ നാലാംവാതുക്കാലിലെ ഭാര്യാവീട്ടിൽ കിണറ്റിന്റെ കപ്പിക്കയറില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മേൽപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

പിതാവായ അപ്പക്കുഞ്ഞിയെ (65) 2024 ഏപ്രില്‍ ഒന്നിന് പിക്കാസ് കൊണ്ടും തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രമോദ്. കൊല നടക്കുന്നതിന് ഏതാനും  ദിവസം മുമ്പ് പ്രമോദ് പിതാവിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിൻ്റെ പേരിൽ അപ്പക്കുഞ്ഞി ബേക്കല്‍ പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു.

Signature-ad

ഇതിന്റെ വൈരാഗ്യം കാരണം സംഭവദിവസം വൈകിട്ട് വീട്ടിലെത്തിയ പ്രമോദ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറി അപ്പക്കുഞ്ഞിയെ ക്രൂരമായി കൊലപ്പെടുത്തി എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ അറസ്റ്റിലായ പ്രമോദ് 2024 ഒക്ടോബര്‍ മാസത്തിൽ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു.

കൊലക്കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചിട്ടുണ്ട്. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻ്റെ ഭാര്യ ഇതിനിടയിൽ നിയമപ്രകാരം വിവാഹമോചിതയായത്രേ. ഭാര്യാ വീട്ടിൽ മരിക്കാൻ യുവാവ് തിരഞ്ഞെടുത്തതിൻ്റെ കാരണം ഇതായിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്.

Back to top button
error: