കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി അലന് അലക്സാണ് കോഴിക്കോട് ബീച്ചില്‍ വച്ച് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ വിളിച്ചുവരുത്തിയശേഷം പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് ഇയാള്‍ പ്രാക്ടീസ് ചെയ്യുന്നത്. സമൂഹ മാധ്യമം വഴിയാണ് അലന് അലക്സ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
16 വയസ് പ്രായമുള്ള പെണ്‍കുട്ടിക്ക് ഡോക്ടര്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ശല്യം വര്‍ധിച്ചതോടെ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെണ്‍കുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ അലന് അലക്സ് സ്വന്തം കാറില്‍ ബീച്ചില്‍ എത്തി.
അവിടെ കാത്തിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു. പോക്സോ വകുപ്പ് ചേര്‍ത്ത് കേസ് എടുത്ത വെള്ളയില്‍ പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.