KeralaNEWS

ആര്‍ജെഡിയെയും മാണി ഗ്രൂപ്പിനെയും നോട്ടമിട്ട് യുഡിഎഫ്; തിരുവമ്പാടി സീറ്റ് ജോസിന് നല്‍കാനും മടിയില്ല

തിരുവനന്തപുരം: മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആര്‍ജെഡിയെ തിരിച്ചെത്തിക്കാന്‍ യുഡിഎഫില്‍ നീക്കം. ആര്‍ജെഡി മടങ്ങിയെത്തിയാല്‍ അതു കേരള കോണ്‍ഗ്രസിനും (എം) പ്രേരണയാകുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാനാണു ശ്രമം.

എല്‍ഡിഎഫിലെ അവഗണനയില്‍ ആര്‍ജെഡിക്കു കടുത്ത അമര്‍ഷമുണ്ട്. യുഡിഎഫിലായിരിക്കെ മത്സരിക്കാന്‍ 7 നിയമസഭാ സീറ്റ് ലഭിച്ചിരുന്നു. ഒപ്പം ഒരു ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും കിട്ടി. കൂടുതല്‍ പ്രതീക്ഷകളോടെ എല്‍ഡിഎഫിലെത്തിയ പാര്‍ട്ടിയെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണു സിപിഎമ്മില്‍നിന്നുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 സീറ്റാണു മത്സരിക്കാന്‍ ലഭിച്ചത്.

Signature-ad

എം.പി.വീരേന്ദ്രകുമാറിനു യുഡിഎഫ് അനുവദിച്ച രാജ്യസഭാ സീറ്റ് തുടര്‍ന്ന് എം.വി.ശ്രേയാംസ്‌കുമാറിന് എല്‍ഡിഎഫില്‍ കിട്ടിയെങ്കിലും ആ കാലാവധി പൂര്‍ത്തിയാക്കിയശേഷം ലഭിച്ചില്ല. ലോക്‌സഭാ സീറ്റ് അനുവദിക്കാത്തതിനെക്കാളും പാര്‍ട്ടിയെ ചൊടിപ്പിച്ചത് മന്ത്രിസഭയില്‍നിന്നുള്ള മാറ്റിനിര്‍ത്തലാണ്. 4 ഏകാംഗ കക്ഷികള്‍ക്കു രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പകുത്തുനല്‍കിയിട്ടും ആര്‍ജെഡിയെ പരിഗണിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ 2 സീറ്റ് വീതം സിപിഎമ്മിനും സിപിഐക്കും നല്‍കിയ ആര്‍ജെഡിയോട് കേരളത്തില്‍ അതേ നീതി തിരിച്ചുകാട്ടിയില്ലെന്ന അമര്‍ഷമാണു പാര്‍ട്ടിയില്‍ പുകയുന്നത്.

ആര്‍ജെഡിയുടെ മനസ്സറിയാനുള്ള അനൗപചാരിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. അടിക്കടി മുന്നണി മാറുന്ന കക്ഷിയായി ചിത്രീകരിക്കപ്പെടരുതെന്ന അഭിപ്രായം പങ്കുവയ്ക്കുന്ന ആര്‍ജെഡി നേതാക്കളുണ്ട്. തുടര്‍ച്ചയായി അനീതി കാട്ടുന്ന സിപിഎമ്മിനോടു പ്രതികരിക്കണ്ടേയെന്ന് തിരിച്ചുചോദിക്കുന്നവരുമുണ്ട്.

യുഡിഎഫ് അനുകൂല അന്തരീക്ഷം രൂപപ്പെട്ടാല്‍ കേരള കോണ്‍ഗ്രസും(എം) മടങ്ങിയെത്തുമെന്ന കണക്കുകൂട്ടലാണു കോണ്‍ഗ്രസിന്. എല്‍ഡിഎഫ് വിട്ടുവരണമെന്ന വാദം പാര്‍ട്ടിക്കുള്ളില്‍ ശക്തി പ്രാപിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിനെ(എം) യുഡിഎഫിലെത്തിക്കാന്‍ തിരുവമ്പാടി സീറ്റ് ജോസ് കെ.മാണിക്കു നല്‍കാന്‍ മുസ്ലിം ലീഗ് തയാറായേക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും അത്തരമൊരു ആലോചന നിലവിലില്ലെന്ന് ലീഗ് വൃത്തങ്ങള്‍ പറഞ്ഞു. എന്‍ഡിഎയില്‍ ഘടകകക്ഷിയായ ബിഡിജെഎസിനെ കൊണ്ടുവരണമെന്ന വാദവും യുഡിഎഫില്‍ ഉയര്‍ന്നിട്ടുണ്ട്.

 

 

 

Back to top button
error: