പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്ത യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളുടെ രേഖാചിത്രം പട്ടാമ്പി പൊലീസ് പുറത്തുവിട്ടിരുന്നു.
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തിരുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് നിർണായക വിവരങ്ങൾ പൊലീസിന് നൽകിയത്. ഇവർ നൽകിയ വിവരപ്രകാരമാണ് പൊലീസ് കുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇക്കഴിഞ്ഞ 30നാണ് വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷൻ സെൻ്ററിലേക്ക് ഇറങ്ങിയതായിരുന്നു ഷഹാന. 9 മണിക്ക് ക്ലാസ് കഴിഞ്ഞു. പിന്നീട് കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു കൂട്ടുകാരിയോടു പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചു. കൂട്ടുകാരികളുടെ മുന്നിൽ നിന്നു തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്.
പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചതനുസരിച്ച് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. അന്വേഷണത്തിൽ
കുട്ടിയുടെ വസ്ത്രമായിരുന്നു വെല്ലുവിളി.
പക്ഷേ പെൺകുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയത് സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിനു തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി.
പിന്നീടാണ് മലയാളികളായ വിനോദ സഞ്ചാരികൾ കുട്ടിയെ കണ്ടെത്തി പൊലീസിനു കൈമാറിയത്. നിലവിൽ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് പെൺകുട്ടി.