വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലും പീരുമേട്ടിലും വന്യമൃഗങ്ങൾ വിഹരിക്കുന്നു. ഇന്നലെ ഈ പ്രദേശത്ത് കടുവയിറങ്ങി. ബുധനാഴ്ച വിനോദസഞ്ചാരികളുടെ കാറിന് മുമ്പിൽ ചാടിയ കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്.
ഒരാഴ്ച മുമ്പ് ബസ് കാത്തുനിന്ന മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. വിദ്യാർഥികൾ കാട്ടാനയെ കണ്ട് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് ആന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി
കുറച്ചുദിവസമായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. യുവാക്കൾ കാറിൽ പോകുന്നതിനിടെ കടുവ വലതുവശത്തുനിന്ന് കടുവ കാറിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു.
കാറിനുള്ളിൽ നിന്ന് തങ്ങൾ ബഹളം വച്ചപ്പോൾ കടുവ ഓടിമറഞ്ഞെന്ന് യുവാക്കൾ പറഞ്ഞു.
വന്യമൃഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കാടിറങ്ങി വരാം. മനസ്സമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ.
കാട്ടാനകള്‍ തിരികെ പോകുന്നില്ല
പീരുമേട്ടില്‍ നാട്ടിലിറങ്ങിയ കാട്ടാനകള്‍ ഉള്‍ക്കാട്ടിലേക്ക് മടങ്ങാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പെരുവന്താനം ടി.ആര്‍.ആന്‍ഡ് ടി തോട്ടം, ചെന്നാപ്പാറ, കുപ്പക്കയം, കൊമ്പുകുത്തി, പ്ലാക്കത്തടം എന്നിവിടങ്ങളിൽ മാസങ്ങളായി കാട്ടാനകളുടെ ശല്യം തുടരുകയാണ്. തോട്ടാപ്പുര, ട്രഷറി, ഗസ്റ്റ് ഹൗസ് ഭാഗം, അഴുതയാര്‍, കരണ്ടകപ്പാറ, കല്ലാര്‍ പുതുവല്‍, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യമുണ്ട്.
വണ്ടിപ്പെരിയാർ പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി വന്യമൃഗശല്യം രൂക്ഷമാണ്. ഒരുവര്‍ഷത്തിനിടയില്‍ വിവിധഭാഗങ്ങളിലായി മുപ്പതോളം വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അരഡസനിലധികം വളര്‍ത്ത് മൃഗങ്ങള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മൂങ്കിലാര്‍, മൂലക്കയം പുതുവല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കടുവകളെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചെങ്കിലും നാളിതുവരെ കടുവ കൂട്ടിലായില്ല.
ഇടുക്കിയിലെ മിക്കസ്ഥലങ്ങളിലും ഇതാണ് അവസ്ഥ. പോയ വര്‍ഷം 9 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയും പുലിയും കാട്ടുപോത്തും കുരങ്ങും കാട്ടുപന്നിയുമെല്ലാം നാശമുണ്ടാക്കുന്നുണ്ട്. വീടും കടയും കൃഷിയുമെല്ലാം ഇവ നശിപ്പിക്കുന്നു.
കാട്ടുപോത്ത് മുതല്‍ കടുവ വരെ
പെരിയാര്‍ കടുവാസങ്കേതത്തിനോട് ചേര്‍ന്ന് കിടക്കുന്ന കുമിളിക്കു സമീപമുള്ള ജനവാസകേന്ദ്രമായ സ്പ്രിങ് വാലി, താരമക്കണ്ടം, റോസാപ്പൂക്കണ്ടം, അട്ടപ്പള്ളം മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. സ്പ്രിങ് വാലിയില്‍ ഒരു കര്‍ഷകനെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു.
അട്ടപ്പള്ളം ഒട്ടകത്തലമേട് മേഖലകളില്‍ കരടിയാണ് പ്രശ്‌നം. വനാതിര്‍ത്തിവിട്ട് വന്യമൃഗങ്ങള്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്കും ടൗണിലേക്കും ഇറങ്ങിയാല്‍ തിരികെ കാട്ടിലേക്ക് അയക്കാനും പ്രയാസമാവും. ജനവാസ മേഖലകളിലേക്ക് ആനയും കാട്ടുപോത്തും അടക്കമുള്ള വന്യജീവികള്‍ പ്രവേശിക്കുന്നത് തടയാന്‍ വനംവകുപ്പ് നിര്‍മിച്ച കിടങ്ങുകള്‍ പതിറ്റാണ്ടുകളായി തകര്‍ന്നുകിടക്കുകയാണ്.
ഇതുവഴിയാണ് വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും പതിവായി ഇറങ്ങുന്നത്.