തമിഴ്നാട് തേനിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു: കോട്ടയം കുറവിലങ്ങാട് സ്വദേശികളായ 3 പേർക്ക് ദാരുണാന്ത്യം

തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 3 മരണം. വേളാംങ്കണ്ണി പള്ളിയിൽ പോയി കാറിൽ മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ കോയിക്കൽ ജെയിൻ തോമസ്, കാഞ്ഞിരത്തിങ്കൽ സോണിമോൻ കെ.ജെ, അമ്പലത്തിങ്കൽജോബീഷ് തോമസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷാജി പി.ഡിയെ ഗുരുതര പരിക്കുകളോടെ തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടൂറിസ്റ്റ് ബസിലെ യാത്രക്കാരെ വാത്തലക്കുളം, പെരിയകുളം, തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തേനി ജില്ലയിലെ പെരിയകുളത്തിനടുത്ത് കട്രോഡിൽ വച്ച് തേനിയിലേക്ക് വന്ന കാറും തേനിയിൽ നിന്ന് ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. വാൻ റോഡിലേക്ക് മറിഞ്ഞു.
തകർന്ന കാറിലുണ്ടായിരുന്ന 4 പേരിൽ മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏർക്കാട്ടേക്ക് വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് വാനിലെ 18 പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
അപകടത്തിൽ ദേവദാനപ്പട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.