കാസർകോട്: പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ഇന്ന് (ശനി) രാവിലെ 11 മണിക്ക് വിധി പ്രസ്താവിക്കും. കേരളം ഏറെ ചർച്ച ചെയ്ത ഈ രാഷ്ട്രീയ ഇരട്ടക്കൊലക്കേസിൽ വിധി പറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പോലീസ് കല്ല്യോട്ട് റൂട്ട് മാർച്ച് നടത്തി.
കല്ല്യോട്ട്, പെരിയ, ഏച്ചിലടുക്കം പ്രദേശങ്ങളിൽ പോലീസ് അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജിനാണ് സുരക്ഷാ ചുമതല. പ്രധാന പോയിന്റുകളിലെല്ലാം ഇൻസ്പെക്ടർമാരുടെയും സബ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും പട്രോളിംഗ് നടത്തിവരുന്നു. പുല്ലൂർ-പെരിയ പഞ്ചായത്ത് പരിധിയിൽ കർശന വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ജനങ്ങളിൽ സുരക്ഷാ ബോധം ഉണ്ടാക്കാനാണ് റൂട്ട് മാർച്ച് നടത്തിയതെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് യൂണിറ്റ് സായുധ പൊലീസ് സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ നേതാക്കളെ പങ്കെടുപ്പിച്ച് സമാധാന യോഗവും നടത്തിയിരുന്നു. നേതാക്കളുടെ അഭ്യർഥന മാനിച്ച് സമാധാന അന്തരീക്ഷം നിലനിർത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഏത് സാഹചര്യവും വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
2019 ഫെബ്രുവരി 17ന് സന്ധ്യയ്ക്കാണ് കേരളത്തെ ഞെട്ടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം നടന്നത്. സി.പി.എം പ്രവർത്തകരും നേതാക്കളുമാണ് പ്രതികളെന്ന ആരോപണം കൊലപാതകത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. തന്നിത്തോട്ടെ വീട്ടിലേക്കുള്ള വഴിയിൽ വെച്ച് കൃപേഷും ശരത് ലാലും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തിയാണ് ഇരുവരെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച് ഹോസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് അന്വേഷണം ഹൈക്കോടതി നിർദ്ദേശപ്രകാരം സി.ബി.ഐ ഏറ്റെടുത്തത്.
സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നതിനെ സർക്കാർ ശക്തമായി എതിർത്തതും സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതും കേരള രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷിച്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ അടക്കം 14 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തിൽ മുൻ എംഎൽഎയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ അടക്കം 10 പേരെ കൂടി പ്രതിചേർത്താണ് സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പീതാംബരൻ അടക്കം 11 പ്രതികൾ, അറസ്റ്റിലായത് മുതൽ ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്. കോടതി വിധി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.