കോട്ടയം: ആർപ്പൂക്കര വില്ലൂന്നിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു . വില്ലൂന്നി പോത്താലിൽ വീട്ടിൽ ബിജുവിന്റെ മകൾ നിത്യ ബിജു(20)വാണ് സ്വയം ഓടിച്ച ബുള്ളറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മരിച്ചത്. ജിമ്മിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി 7 മണിയോടെ വില്ലൂന്നി മറ്റപ്പള്ളി ഭാഗത്തായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും, പിന്നീട് നിയന്ത്രണം നഷ്ടമായി ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി 10 മണിയോടുകൂടി മരണം സംഭവിച്ചു.
നിത്യ മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനിയാണ്. പിതാവ് ബിജു ടൈൽസ് കോൺട്രാക്ടറാണ്. മാതാവ് അജിതാ ബിജു ഇസ്രയേലിൽ നേഴ്സ്. ഏകസഹോദരൻ നിധിൻ ആർമിയിൽ ജോലി ചെയ്യുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിക്കും. സംസ്കാരം വിദേശത്തു നിന്ന് മാതാവ് എത്തിയ ശേഷം പിന്നീട്.
സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.