KeralaNEWS

സുഹൃത്തിനൊപ്പം സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ്‌ വാനിടിച്ചു: ജന്മദിനത്തിൽ 19കാരൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

    കൊല്ലം:  ജന്മദിനത്തിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. തേവലക്കര പാലയ്ക്കൽ കാട്ടയ്യത്ത് ഷിഹാബുദ്ദീന്റെയും സജീദയുടെയും മകൻ അൽത്താഫ് (19) ആണ് മരിച്ചത്. കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്  ചാമ്പക്കടവ്- മാരാരിത്തോട്ടം റോഡിൽ കല്ലേലിഭാഗം സ്‌കൂളിനു സമീപമായിരുന്നു അപകടം. ജുമുഅ നമസ്കാരത്തിനായി അൽത്താഫ്  സുഹൃത്ത് നിഹാസിനൊപ്പം മസ്‌ജിദിലേക്കു പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ്‌ വാൻ ഇടിച്ചായിരുന്നു അപകടം.

Signature-ad

  ചാമ്പക്കടവിൽ നിന്ന് വന്ന പിക്ക് വാനും മാരാരിത്തോട്ടത്തേക്ക് വന്ന ബൈക്കും തമ്മിലാണ്  കൂട്ടിയിടിച്ചത്.  ക്രോസ് റോഡിൽ അമിത വേഗത്തിൽ ആണ് വാൻ മറി കടന്നത്.

സംഭവ സ്ഥലത്തുവച്ച് തന്നെ അൽത്താഫ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന നിഹാസിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുഹൃത്തുക്കളും ബന്ധുക്കളും വൈകീട്ട് അൽത്താഫിന്റെ  ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണ വാർത്ത ഇവരെ തേടിയെത്തിയത്. കബറടക്കം ഇന്ന് (ശനി) തേവലക്കര ചാലിയത്ത് മുസ്‌ലിം ജമാഅത്തിൽ നടക്കും.

Back to top button
error: