മറക്കാതിരിക്കുക: അപരനു വേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് ദൈവ കണ്ടുമുട്ടുന്നത്
വെളിച്ചം
ആ കുട്ടി 50 രൂപയും കയ്യിലേന്തി ഓരോ കടയും കയറിയിറങ്ങുകയാണ്. എല്ലാ കടക്കാരും അവനെ ആട്ടിയോടിച്ചു:
“നിനക്കെന്താ വട്ടാണോ? ഞങ്ങളെ കളിയാക്കുകയാണോ നീ…?”
ഓരോരുത്തരും ചോദിക്കുന്നു.
പക്ഷേ, അവന്‍ അതൊന്നും സാരമാക്കിയതേയില്ല. ഓരോ കടയില്‍ നിന്നും ഇറക്കിവിടുമ്പോഴും ആ 50 രൂപയുമായി അവന്‍ അടുത്ത കട ലക്ഷ്യമാക്കി നീങ്ങും. വൈകുന്നേരമായി. അവന്‍ കയറുന്ന 73-ാന്നാമത്തെ കടയാണിത്. അവിടെ ചെന്ന് അവന്‍ ചോദ്യം ആവര്‍ത്തിച്ചു:
“ഇവിടെ ദൈവത്തെ കിട്ടുമോ?”
ആ കടയുടമ പയ്യനെ അരികില്‍ വിളിച്ചിരുത്തി കാര്യം അന്വേഷിച്ചു. അവന്‍ പറഞ്ഞു:
“ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ അച്ഛനും അമ്മയും മരിച്ചുപോയി. അമ്മാവന്റെ കൂടെയാണ് ഞാനിപ്പോള്‍. അമ്മാവന് സുഖമില്ല. ഇപ്പോള്‍ ആശുപത്രിയിലാണ്. അവിടെത്തെ ഡോക്ടര്‍ ഇന്ന് എന്നോട് പറഞ്ഞു, ‘ഇനി ദൈവത്തിന് മാത്രമേ അമ്മാവനെ രക്ഷിക്കാന്‍ സാധിക്കൂ’ എന്ന്. അതുകൊണ്ട് ഞാന്‍ ദൈവത്തിനെ വാങ്ങുവാന്‍ വേണ്ടി വന്നതാണ്…”
ഇത് പറഞ്ഞ് ആ കുട്ടി തന്റെ കയ്യിലിരുന്ന മുഷിഞ്ഞ 50 രൂപ അയാള്‍ക്ക് നേരെ നീട്ടി. അയാള്‍ ആ രൂപ വാങ്ങിയിട്ട് പറഞ്ഞു:
“ശരിയാണ്, 50 രൂപയാണ് ദൈവത്തിന്…”
എന്നിട്ട് ഒരു ചെറിയ കുപ്പിയില്‍ തേന്‍ നിറച്ച് അവന് കൊടുത്തു. അവന് സന്തോഷമായി. ആ കുപ്പിയുമായി അവന്‍ സന്തോഷത്തോടെ ആശുപത്രിയിൽ ഓടിയെത്തി. ഉറക്കെ വിളിച്ചുപറഞ്ഞു:
“എനിക്ക് ദൈവത്തെ കിട്ടി. ഇനിയെന്റെ അമ്മാവന്‍ രക്ഷപ്പെടുക തന്നെ ചെയ്യും.”
പിറ്റേ ദിവസം ആ ഹോസ്പിറ്റലില്‍ പ്രത്യേക മെഡിക്കല്‍ ടീം എത്തി. അവര്‍ ആ കുട്ടിയുടെ അമ്മാവന്റെ ചികിത്സ ഏറ്റെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ സുഖപ്പെടുകയും ചെയ്തു. ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്ന നേരത്ത് ബില്ല് അയാള്‍ക്ക് ലഭിച്ചു. ആ തുക കണ്ട് അയാള്‍ ഞെട്ടി. ബില്ലടയ്ക്കാനുളള തുക കയ്യിലില്ലെന്ന് പറയാന്‍ അയാൾ റിസപ്ഷനില്‍ എത്തി. ആ ബില്ല് മുഴുവന്‍ അടച്ചതായി അവിടെയുളള ജീവനക്കാര്‍ അറിയിച്ചു.
അത്ഭുതപ്പെട്ടു നിന്ന അയാളോട് ആ ബാലൻ താൻ ദൈവത്തെ വാങ്ങിയ കഥ പറഞ്ഞു.
അയാൾ ബാലനെയും കൂട്ടി ആ കടക്കാരനെ തേടി ചെന്നു. ആ ഗ്രാമത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു ആ വ്യാപാരി. അയാള്‍ നന്ദി അറിയിച്ചു. കടയുടമ പറഞ്ഞു:
“നിങ്ങളെ രക്ഷിച്ചത് ഞാനല്ല,. ഒരുദിവസം മുഴവന്‍ കടകള്‍ കയറിയിറങ്ങി നിങ്ങള്‍ക്ക് വേണ്ടി ദൈവത്തെ വാങ്ങാന്‍ നടന്ന ഈ കുഞ്ഞാണ്. അവന്റെ നിഷ്‌കളങ്കതയും സ്‌നേഹവുമാണ് നിങ്ങളെ രക്ഷിച്ചത്…”
മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ നടത്തുന്ന ഇത്തരം ചെറിയ യാത്രകള്‍ക്കിടയിലാണ് നാം ദൈവത്തെ കണ്ടുമുട്ടുന്നത്. ദൈവത്തെ സ്വന്തമാക്കുന്നത്.. മറ്റുളളവര്‍ക്ക് വേണ്ടിയുളള നിസ്വാര്‍ത്ഥമായ യാത്രകള്‍ ഇനിയും ഏവരുടെയും സ്വന്തം ജീവിതത്തിലുണ്ടാകട്ടെ.
ഏവർക്കും ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ