KeralaNEWS

കാമുകൻ ഗർഭിണിയാക്കിയ 16കാരി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയിൽ, അനുമതി നിഷേധിച്ച് കോടതി

     കാമുകൻ ഗർഭിണിയാക്കിയ 16കാരി പെൺകുട്ടിക്കു ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥശിശുവിന് പ്രായം 26 ആഴ്ച കടന്ന സാഹചര്യത്തിലാണു കോടതി അനുമതി നിഷേധിച്ചത്.

പെൺകുട്ടി ഗർഭിണിയായത് കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണ്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്. അപ്പോഴേക്കും ഗർഭസ്ഥശിശു 25 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു. ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ ഇത്ര വൈകിയതു കൊണ്ട് അപേക്ഷ ഹൈക്കോടതി നിരസിച്ചു.

Signature-ad

പ്രത്യുൽപാദനം നടത്താനുള്ള അവകാശം സ്ത്രീയുടേതാണെന്നും ഗർഭം വേണോ എന്ന തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി ഉത്തരവുള്ള കാര്യം ഹർജിക്കാർ ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ടെന്നും വാദിച്ചു.

അതിജീവിതയെ പരിശോധിക്കാൻ ഹൈക്കോടതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകി. ഗർഭഛിദ്രം നടത്തുകയാണെങ്കിൽ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാൻ സാധിക്കൂ എന്നായിരുന്നു മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടത്.

നിയമം അനുസരിച്ച് 20 ആഴ്ച വരെയാണു ഗർഭഛിദ്രം നടത്താനുള്ള അനുമതി. പക്ഷേ പ്രത്യേക സാഹചര്യങ്ങളിൽ വിദഗ്ധ മെഡിക്കൽ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ 24 ആഴ്ച വരെ ഗർഭഛിദ്രം നടത്താം. സ്ത്രീയുടെ ശരീരത്തിന്മേൽ അവർക്കാണ് അവകാശമെന്നത് ശരിയാകുമ്പോഴും ഗർഭഛിദ്ര നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് കോടതി വിധിന്യായത്തിൽ ആരാഞ്ഞു.

കാരണം, ഗർഭസ്ഥ ശിശു 26 ആഴ്ച പിന്നിട്ടിരിക്കുന്നു എന്നതും ജീവനോടെയേ പുറത്തെടുക്കാൻ സാധിക്കൂ എന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് പറയുന്ന സാഹചര്യത്തിലും ഗർഭഛിദ്രം നടത്താൻ നിയമം അനുവദിക്കുന്നില്ല. ബലാത്സംഗത്തിന് ഇരയായ അതിജീവിതയെ പ്രസവം ശാരീരികവും മാനസികവുമായി ബാധിക്കുമെന്നു ബോർഡ് പറയുന്നു.. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്തണമെന്ന ആവശ്യം തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. പ്രസവശേഷം കുട്ടിയെ ദത്തുനൽകാൻ അതിജീവിതയും മാതാപിതാക്കളും താൽപര്യപ്പെടുന്നു എങ്കിൽ സർക്കാര്‍ അതിനുള്ള സൗകര്യം ചെയ്യണമെന്ന്  ജസ്റ്റിസ് വി.ജി അരുൺ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: