കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നു സ്ഥലം എംഎല്‍എ ചാണ്ടി ഉമ്മനെ മാറ്റിനിര്‍ത്തുന്നു എന്ന പരാതി ഉയരുന്നതിനിടെ മണര്‍കാട് ഉപജില്ലാ കലോത്സവം ഉദ്ഘാടനത്തിലും ഭിന്നശേഷികലോത്സവത്തിന്റെ സമാപന യോഗത്തിലും ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല. ചടങ്ങിലെത്തി സദസ്സിലിരുന്നു സംഘാടകരെ ചാണ്ടി ഉമ്മന്‍ പ്രതിഷേധം അറിയിച്ചു. വെള്ളൂരില്‍ ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തിലുള്ള പ്രതിഷേധവും പരാതിയും ചാണ്ടി ഉമ്മന്‍ അറിയിച്ചു. സ്ഥലം എംഎല്‍എയെ സര്‍ക്കാര്‍ പരിപാടികള്‍ക്കു വിളിക്കണമെന്നാണു ചട്ടമെന്നും വേണ്ട നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. മന്ത്രി വി.എന്‍.വാസവനും വേദിയില്‍ ഉണ്ടായിരുന്നു.
മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവ സമാപനം എന്നീ പരിപാടികളില്‍ ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല. രാവിലെ നടന്ന സമ്മേളനം മന്ത്രി വി.എന്‍.വാസവനാണ് ഉദ്ഘാടനം ചെയ്തത്. ഉച്ചയോടെ ചാണ്ടി ഉമ്മന്‍ ഉപജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയിലെത്തി.പ്രതിഷേധ സൂചകമായി സദസ്സില്‍ ഇരുന്നു. സംഘാടകരെത്തി ക്ഷണിച്ചെങ്കിലും സ്റ്റേജില്‍ കയറാന്‍ തയാറായില്ല. പരിപാടിക്കു ക്ഷണിക്കാത്തതില്‍ പ്രതിഷേധവും രേഖപ്പെടുത്തി. കലോത്സവത്തിന്റെ സംഘാടകസമിതി രക്ഷാധികാരി കൂടിയാണു ചാണ്ടി ഉമ്മന്‍.
ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനായി ചാണ്ടി ഉമ്മന്‍ എംഎല്‍എ വയനാട്ടിലാണെന്നു വിവരം ലഭിച്ചിരുന്നെന്നും ബോധപൂര്‍വം ഒഴിവാക്കിയതല്ലെന്നും സംഘാടകര്‍ വിശദീകരിച്ചെങ്കിലും മനഃപൂര്‍വം ഒഴിവാക്കയതാണെന്ന നിലപാടില്‍ എംഎല്‍എ ഉറച്ചുനിന്നു. സംഘാടകര്‍ ഫോണില്‍പോലും വിളിച്ചു ചോദിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു.കൂരോപ്പട വില്ലേജ് ഓഫിസ് ഉദ്ഘാടനത്തില്‍ നിന്നു ചാണ്ടി ഉമ്മനെ ഈയിടെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയരുകയും തുടര്‍ന്ന് ഉദ്ഘാടനം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.