KeralaNEWS

ശോഭയെ പരിഗണിക്കാതെ സംസ്ഥാന നേതൃത്വം; പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സി. കൃഷ്ണകുമാര്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വരുന്ന പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയായേക്കും. ശോഭാ സുരേന്ദ്രന്‍ വിഭാഗത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാത്തതിനാല്‍ ദേശീയ നേതൃത്വവും ഇത് പരിഗണിച്ചേക്കില്ല. പാലക്കാട് കിട്ടിയില്ലെങ്കില്‍ വയനാട് നോക്കാനും ശോഭ സുരേന്ദ്രന്‍ നീക്കം നടത്തുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിക്ക് വേണ്ടി തുടക്കത്തില്‍ തന്നെ മുഴങ്ങിക്കേട്ടത് സി. കൃഷ്ണകുമാറിന്റെ പേരാണ്. എന്നാല്‍, ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ ശോഭാ സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഏത് മണ്ഡലത്തില്‍ നിര്‍ത്തിയാലും വോട്ടുനില മെച്ചപ്പെടുത്താന്‍ കഴിയുന്ന നേതാവാണ് ശോഭയെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. സിപിഎമ്മില്‍നിന്ന് ഈഴവ വോട്ടുകള്‍ കൂടി പെട്ടിയില്‍ വീഴുമെന്നതടക്കമുള്ള വാദങ്ങളാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്.

Signature-ad

എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള ഔദ്യോഗിക പക്ഷം ഈ ആവശ്യം പാടേ തള്ളുകയാണ്. മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുകയും നില മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ തന്നെ മതിയെന്നാണ് ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളുടെ നിലപാട്. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്യും.

പാലക്കാടിന്റെ രാഷ്ട്രീയ കളം അറിയാവുന്ന കൃഷ്ണകുമാറിന്റെ പേരിനപ്പുറം മറ്റൊരു പേര് പരിഗണിക്കുക കൂടി വേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സുരേന്ദ്രന്‍ ഇതിനോടകം കൃഷ്ണകുമാറിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം തള്ളുന്നതോടെ ശോഭയുടെ പേര് കേന്ദ്ര നേതൃത്വവും പരിഗണിക്കാന്‍ സാധ്യതയില്ല. പാലക്കാട് തള്ളുന്നതോടെ വയനാട് ആവശ്യപ്പെടാനുള്ള നീക്കം ശോഭ നടത്തുമെന്നാണ് സൂചന. പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതിനാല്‍ വയനാട് മറ്റു നേതാക്കള്‍ ആവശ്യപ്പെട്ടേക്കില്ല. ശോഭയുടെ ഈ ആവശ്യത്തോട് ഔദ്യോഗിക പക്ഷം മുഖം തിരിക്കാനും സാധ്യത കുറവാണ്.

 

Back to top button
error: