ജയ്പൂര്‍: ഒരു ശുചീകരണ ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ കയ്യോടെ പിടികൂടിയത് പ്രദേശത്തെ വമ്പന്‍ സെക്സ് റാക്കറ്റിനെ. ഒരു സ്പാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് ഇവിടെ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ശുചീകരണ ക്യാമ്പില്‍ എത്തിയ കളക്ടര്‍ പ്രദേശത്ത് അടച്ചിട്ടിരുന്ന സ്പായില്‍ മിന്നല്‍ പരിശോധന നടത്തിയതോടെയാണ് പെണ്‍വാണിഭ സംഘം വലയിലായത്.
സെക്സ് റാക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റ് രീതിയിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സ്പാ അടഞ്ഞ് കിടക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ കളക്ടര്‍ ഇവിടെ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരേയും കൂട്ടി എത്തുകയായിരുന്നു. രാജസ്ഥാനിലെ സാദറിലാണ് സംഭവം. കഴിഞ്ഞ മാസം ബാമറിലെ ജില്ലാ കളക്ടറായി ചുമതലയേറ്റ ടീന ദാബിയാണ് പരിശോധന നടത്തിയത്.
സാദറില്‍ നടന്നുവരികയായിരുന്ന ഒരു ശുചീകരണ ക്യാമ്പിന്റെ പുരോഗതി പരിശോധിക്കാനാണ് ജില്ലാ കളക്ടര്‍ എത്തിയത്. ഇതിനിടെയാണ് പ്രദേശത്ത് ഒരു സ്പായുടെ വാതിലുകള്‍ അകത്തു നിന്ന് അടച്ചിട്ടിരിക്കുന്ന ശ്രദ്ധയില്‍പ്പെട്ടത്. ദീര്‍ഘനേരം വാതിലില്‍ മുട്ടിയിട്ടും ആരും തുറന്നില്ല. തുടര്‍ന്ന് മേല്‍ക്കൂര പൊളിച്ച് അകത്ത് കടക്കാനും പൊലീസ് ശ്രമിച്ചു. ഒടുവില്‍ ബലമായി വാതില്‍ തുറന്നാണ് അകത്തേക്ക് കയറിയത്. അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ഈ സമയം അവിടെയുണ്ടായിരുന്നത്.