നായകൻമാർ കൊടികുത്തി വാണിരുന്ന മലയാള സിനിമയിൽ കാമ്പും കരുത്തുമുള്ള വില്ലൻ കഥാപാത്രം അനശ്വരമാക്കി, കഥാപാത്രമായ കീരിക്കാടൻ ജോസിന്റെ പേരിൽ അറിയപ്പെട്ട അനുഗ്രഹീത നടനായിരുന്നു മോഹൻരാജ് എന്ന് അനുശോചന സന്ദേശത്തിൽ മമ്മൂട്ടി അഭിപ്രായപ്പെട്ടു..
അന്തരിച്ച നടൻ മോഹൻരാജിനെ വൈകാരികമായി അനുസ്മരിച്ച് മോഹൻലാലും. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന മോഹൻരാജിൻ്റെ ഗാംഭീര്യം ഇന്നലത്തെപ്പോലെ ഓർക്കുന്നു വെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
മോഹൻലാലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
“കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു.
സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട…”
തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ ഇന്നലെ (വ്യാഴം) വൈകിട്ട് 3മണിയോടെ ആയിരുന്നു അന്ത്യം. പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഏറെക്കാലമായി മോഹൻ രാജ് (70) ചികിത്സയിലായിരുന്നു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മോഹൻ രാജ് ആയുർവേദ ചികിത്സയ്ക്കായി ഒരു വർഷം മുൻപാണ് കാഞ്ഞിരംകുളത്ത് എത്തിയത്.
‘കിരീട’ത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്. മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കാഞ്ഞിരംകുളം സ്വദേശിയായ മോഹൻ രാജ് തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടർന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻഫോഴ്സ്മെന്റിലും ഉദ്യോഗസ്ഥനായി. എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. ‘കഴുമലൈ കള്ളൻ’ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ‘ആൺകളെ നമ്പാതെ’ എന്ന ചിത്രത്തിലും അഭിനയിച്ചു.
സുഹൃത്തു കൂടിയായ സംവിധായകൻ കലാധരനാണ് മോഹൻരാജിനെ സിബി മലയിലിനും ലോഹിതദാസിനും പരിചയപ്പെടുത്തിയത്. ‘കിരീട’ത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കാനിരുന്ന നടൻ എത്താതിരുന്നതിനെ തുടർന്ന് മോഹൻരാജിന് നറുക്കു വീണു. അതു വഴിത്തിരിവായി. മലയാള സിനിമ കണ്ട എക്കാലത്തെയും ഗംഭീരവില്ലന്മാരിലൊരാളായി കീരിക്കാടൻ ജോസ്. അതോടെ മോഹൻരാജിന്റെ ജീവിതവും മാറി. മലയാളത്തിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നടനായി. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു.
കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സിനിമയിലഭിനയിക്കാൻ സർക്കാരിൽനിന്ന് അനുവാദം വാങ്ങേണ്ടിയിരുന്നു. അതില്ലാതെയാണ് മോഹൻരാജ് സിനിമയിൽ അഭിനയിച്ചത്. അതിന്റെ പേരിൽ സസ്പെൻഷൻ കിട്ടി. അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനു ശേഷമാണ്. 2010 ൽ ജോലി തിരികെ ലഭിച്ചെങ്കിലും പിന്നീടു രാജി വച്ചു.
സംസ്കാരം പിന്നീട്.