തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. അതുവരെ ആരും മാറുന്നുമില്ല, ആരും കയറുന്നുമില്ലെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. പാര്‍ലമെന്ററി ജീവിതത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്തകളും ശശീന്ദ്രന്‍ തള്ളി. തോമസ് കെ. തോമസ് മന്ത്രിയാകാന്‍ യോഗ്യനാണോ എന്ന ചോദ്യത്തിനു മന്ത്രിയാകാന്‍ എംഎല്‍എ ആയാല്‍ മതിയെന്നും പ്രത്യേക യോഗ്യതകളൊന്നും ആവശ്യമില്ലെന്നുമായിരുന്നു ശശീന്ദ്രന്റെ മറുപടി.
തോമസ് കെ.തോമസ് എംഎല്‍എയ്ക്ക് മന്ത്രിസ്ഥാനത്തേക്ക് എത്താന്‍ ഒരു താല്‍പര്യമുണ്ടായി. കുറച്ചുകാലം അദ്ദേഹത്തിന് മന്ത്രിസ്ഥാനം കൊടുത്തുകൂടെയെന്ന് ശരദ് പവാര്‍ ചോദിച്ചു. നിങ്ങളാണല്ലോ തീരുമാനിക്കേണ്ടത്, ഞാനല്ല എന്നായിരുന്നു എന്റെ മറുപടി. ശരി, അങ്ങനെയാണെങ്കില്‍ ഇത്തരമൊരു താല്‍പര്യം തോമസിനുള്ളത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ശരദ് പവാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയ ശേഷം അദ്ദേഹത്തിന്റെ തീരുമാനം എന്താണെന്ന് അറിഞ്ഞിട്ട് കാര്യങ്ങള്‍ അറിയിക്കാമെന്നാണ് ശരദ് പവാര്‍ പറഞ്ഞത്. 10 മിനിറ്റ് മാത്രമാണ് ചര്‍ച്ച നടന്നതെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു.
സാധാരണ നിലയ്ക്ക് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാണ് മന്ത്രിയെ പിന്‍വലിക്കുന്നത്. പകരം വയ്ക്കുന്ന ആളെ സംബന്ധിച്ചായിരിക്കും ആലോചന വേണ്ടി വരുന്നത്. പകരം വയ്ക്കുന്ന ആളെ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനു മുന്നേയാണ് അദ്ദേഹവുമായി ആശയവിനിമയം നടത്തുന്നത്. മുഖ്യമന്ത്രിയുടെ മറുപടി അറിഞ്ഞ ശേഷം അന്തിമ തീരുമാനം പാര്‍ട്ടി പ്രസിഡന്റ് എടുക്കും. അതുവരെ ആരും മാറുന്നുമില്ല, ആരും കയറുന്നുമില്ലെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.