KeralaNEWS

ഉരുളയ്ക്കുപ്പേരിയായി മറുപടി: പിന്നോട്ടില്ലെന്ന് അൻവർ, ‘മുഖ്യമന്ത്രിയെ ഉപദേശകർ തെറ്റിധരിപ്പിച്ചു; പോരാട്ടം തുടരും’

     മുഖ്യമന്ത്രി പിണറായി വിജയനും പി.വി അൻവർ എംഎൽഎയും തമ്മിലുള്ള വാഗ്വാദം മൂർഛിക്കുന്നു. ‘താൻ പഴയ കോൺഗ്രസുകാരനാണ്, ഇഎംഎസും പഴയ കോൺഗ്രസുകാരനാണ്  അദ്ദേഹം കെപിസിസി സെക്രട്ടറിയായിരുന്നു.’ ഉരുളയ്ക്കുപ്പേരി പോലെ അൻവർ പിണറായി വിജയനെ ഇന്ന് ഓർമ്മിപ്പിച്ചു.

പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും  പി.വി അൻവർ മാധ്യമങ്ങളോടു പറഞ്ഞു.

Signature-ad

‘‘സുജിത്ത് ദാസിന്റെ ഫോൺ ചോർത്തിയത് ചെറ്റത്തരമാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതു പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവൻ ഫോൺ സംഭാഷണവും പുറത്തുവിട്ടിട്ടില്ല. അതുകൂടി പുറത്തുവിട്ടാൽ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനപരിശോധിക്കണം. തെറ്റിധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരും’’
അൻവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

‘‘തെളിവുണ്ടായിട്ടും എല്ലാം തിരയുകയാണ്. തിരയട്ടെ, നമുക്ക് നോക്കാം. സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതും അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിനു വിവരം ലഭിച്ചാൽ ഉടനടി കസ്റ്റംസിനെ അറിയിക്കണം. സ്വർണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസാണ്. എന്നാൽ കസ്റ്റംസിനെ ഒരു കേസും അറിയിച്ചിട്ടില്ല. കൊണ്ടോട്ടിയിലെ ആ തട്ടാന്റെ കാര്യം മാത്രം സിഎം അന്വേഷിച്ചാൽ മതി. കൊണ്ടോട്ടി അങ്ങാടിയിലെ ടാക്സിക്കാർക്കും ഓട്ടോറിക്ഷക്കാർക്കും കടല വറക്കുന്നവർക്കും സത്യം അറിയാം. ഞാൻ തെളിവ് കൊടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും എഡിജിപിയെ പരമാധികാരിയായി തുടരുന്നതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ല.
കള്ളക്കടത്തിന്റെ പങ്ക് പി.ശശിക്കും ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം. ശശിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. എനിക്ക് ആ വിശ്വാസം തീരെയില്ല. നായനാർ മന്ത്രിസഭയിലെ പൊളിറ്റിക്കൽ‌ സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹം പുറത്തായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. ആ മാനസികാവസ്ഥയിൽ നിന്നും അദ്ദേഹം മാറിയിട്ടില്ല. ശശിയോട് പറഞ്ഞിട്ടുള്ള കാര്യമെല്ലാം ഈ നാടുമായും പൊലീസുമായും ബന്ധപ്പെട്ട കാര്യങ്ങളാണ്. വീട്ടിലെ കാര്യങ്ങളുമായല്ല ശശിയുടെ അടുത്തു പോകുന്നത്…’’
അൻവർ വിശദീകരിച്ചു.

‘‘പരാതി നൽകിയ രീതി ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനം ശരിയാണ്. എന്നാൽ താൻ ഈ കാര്യങ്ങളൊക്കെ നിരവധി തവണ എകെജി സെന്ററിൽ അറിയിച്ചിരുന്നു. കോടിയേരി സഖാവ് ഉള്ള കാലം മുതൽ പരാതി കൊടുക്കാറുണ്ട്. നാലോ അഞ്ചോ തവണ പാർട്ടി സെക്രട്ടറിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും പരാതി കൊടുത്തിട്ടുണ്ട്….”

മുഖ്യമന്ത്രിക്ക് മറുപടിയായി പി.വി അൻവർ വിശദീകരിച്ചു.

  “ഇവരെന്നെ ചവിട്ടി പുറത്താക്കിയാലും ഞാൻ മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. ഇവരെന്നെ വേണ്ടാന്ന് പറയുമ്പോൾ ഞാൻ എന്റെ മാർഗം നോക്കും. പൂരം കലക്കലും കണ്ണൂരിലെ രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീരുമെല്ലാം എന്റെ ഫോണിലുണ്ട്. അതെല്ലാം ശശിയ്ക്കെതിരാണ്. പലരും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ്. അവർ മുഖ്യമന്ത്രിയെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ സത്യാവസ്ഥ എന്താണ് അദ്ദേഹത്തെ  അറിയിക്കാത്തത്. മുഖ്യമന്ത്രിയെ ഇവർ പൊട്ടക്കിണറ്റിൽ ചാടിക്കുകയല്ലേ…? പാർട്ടി അന്വേഷണം നടത്തട്ടെ. നീ പറഞ്ഞത് മുഴുവൻ കളവാണെന്ന് പാർട്ടി പറയുമ്പോൾ‌ ആലോചിക്കാം. കാത്തിരുന്നു കാണാം. ബൈബിളിൽ ഒരു വാക്യമുണ്ട്, ‘ക്ഷമിക്കുന്നവർക്കാണു വിജയ’മെന്ന്. ഞാൻ ക്ഷമിക്കാൻ തയാറാണ്. പൊലീസിന്റെ മനോവീര്യം തകർന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനവും തെറ്റാണ്…’’
അൻവർ ആത്മവിശ്വാസത്തോടെ പറയുന്നു.

Back to top button
error: