CrimeNEWS

ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബി.ജെ.പി. MLA പീഡനക്കേസില്‍ അറസ്റ്റില്‍

ബംഗളൂരു: കോര്‍പ്പറേഷന്‍ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി. എം.എല്‍.എ.യും മുന്‍മന്ത്രിയുമായ മുനിരത്ന വീണ്ടും അറസ്റ്റില്‍. സാമൂഹികപ്രവര്‍ത്തകയായ 40-കാരി നല്‍കിയ ലൈംഗികപീഡന പരാതിയിലാണ് പുതിയ അറസ്റ്റ്.

വെള്ളിയാഴ്ച രാവിലെ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയയുടന്‍ സ്ഥലത്തുണ്ടായിരുന്ന കഗ്ഗദാസപുര പോലീസ് മുനിരത്നയെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിതന്നെ പോലീസ് ജയില്‍പരിസരത്ത് നിലയുറപ്പിച്ചിരുന്നു. 2020 മുതല്‍ 2022 വരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി മുനിരത്നയുടെപേരില്‍ പോലീസില്‍ നല്‍കിയ പരാതി.

Signature-ad

ഇതുപ്രകാരം ബുധനാഴ്ച രാത്രിയാണ് പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ചെയ്തത്. അതിനിടെ കരാറുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ച വൈകീട്ട് ബംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതി മുനിരത്നയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. തുടര്‍ന്നാണ് മുനിരത്ന ജാമ്യത്തിലിറങ്ങുമ്പോള്‍ത്തന്നെ അറസ്റ്റുചെയ്യാന്‍ പോലീസ് ജയില്‍ പരിസരത്ത് കാത്തുനിന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കോലാറിലെ മുള്‍ബാഗിലുവില്‍നിന്ന് മുനിരത്നയെ പോലീസ് അറസ്റ്റുചെയ്തത്. ഭീഷണിപ്പെടുത്തിയതിനുപുറമേ പട്ടികവിഭാഗങ്ങള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേയുള്ള വകുപ്പുകളും ചുമത്തിയാണ് ആദ്യത്തെ അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: