കല്‍പ്പറ്റ: ചൊവ്വാഴ്ച വൈകിട്ട് വെള്ളാരംകുന്നില്‍ ബസും ഓമ്നിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസൺ മരണത്തിന് കീഴടങ്ങി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെൻസണ്‍ വെൻ്റിലേറ്ററിലായിരുന്നു. രാത്രി 9 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. അമ്പലവയൽ ആണ്ടൂർ പരിമളം വീട്ടിൽ ജയൻ-മേരി ദമ്പതികളുടെ മകനാണ് 28കാരനായ ജെൻസൺ. അപകടത്തിൽ കാലിനു പരുക്കേറ്റ ശ്രുതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാൻ ഓടിച്ചത് ജെൻസണായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങളെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസണെ ഉടൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനില്‍ ഉണ്ടായിരുന്ന 7 പേർക്കും പരിക്കേറ്റു. ബസ് യാത്രക്കാരായ 2 പേർക്കും പരിക്കുണ്ട്.
പ്രതിശ്രുത വരൻ മരണത്തിന് കീഴടങ്ങിയതോടെ ശ്രുതി വീണ്ടും തനിച്ചായി. ഉറ്റവരെയും സ്വന്തം വീടിനെയും ഉരുൾപൊട്ടൽ തൂത്തെറിഞ്ഞപ്പോൾ ശ്രുതി ജീവിതത്തിലേക്ക് തിരിച്ചു നടന്നത് സുഹൃത്തുമായ ജെൻസൺന്റെ കൈ പിടിച്ചായിരുന്നു. ആ കരക്കൾ ഇന്നലെ രാത്രിയോടെ നിശ്ചലമായി.
ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവർ ഉൾപ്പെടെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാലാണ് ശ്രുതി മരണത്തിൽനിന്നു രക്ഷപ്പെട്ടത്. സഹോദരി ശ്രേയയുടെ മൃതദേഹം മാത്രമാണ് ശ്രുതിക്ക് കാണാനായത്. 2 മാസം മുൻപ് പുതിയ വീടിന്റെ പാലു കാച്ചലും ശ്രുതിയുടെ വിവാഹ നിശ്ചയവും ഒരുമിച്ചാണ് നടത്തിയത്.
ഉരുൾ പൊട്ടലിനുശേഷം ആ വീടിരുന്നിടത്ത് കല്ലും ചെളിയും മാത്രം ശേഷിച്ചു. ശ്രുതിയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവൻ സ്വർണവും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിയ ശ്രുതിയുടെ ഒപ്പം എപ്പോഴും ജെൻസണും ഉണ്ടായിരുന്നു. ഉടുതുണി മാത്രം ബാക്കിയുണ്ടായിരുന്ന ശ്രുതിക്ക് ജെൻസണായിരുന്നു ഏക ബലം. ഉയിരായി കൂടെയുണ്ടായിരുന്ന ജെൻസണും ഒടുവിൽ അപകടത്തിൽ വിട പറഞ്ഞു.
വിവാഹം ഈ മാസം നടത്താനാണ് ഇരുവരും തീരുമാനിച്ചത്. എന്നാൽ മാതാപിതാക്കൾക്കൊപ്പം ജെൻസൺന്റെ കർമങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ട ദാരുണമായ അവസ്ഥയിലായി ശ്രുതി.
മേപ്പാടിയിലെ ദുരിതാശ്വാസ ക്യംപിൽ ശ്രുതിയുടെ കൈപിടിച്ചു നടന്ന ജെൻസൺ ക്യാംപിൽ ഉണ്ടായിരുന്നവരുടെയെല്ലാം ഹൃദയം കവർന്നിരുന്നു. ഒരിക്കലും ശ്രുതിയെ ഒറ്റയ്ക്കാക്കി പോകില്ലെന്ന് ജെൻസൺ എപ്പോഴും പറയുമായിരുന്നു. ക്യാംപിൽ നിന്നും ശ്രുതി ബന്ധുക്കളുടെ ഒപ്പം കൽപറ്റയിലെ വാടക വീട്ടിലേക്കാണ് താമസം മാറിയത്. വീട്ടിൽ ഇരുന്നു മടുത്ത ശ്രുതിക്ക് ആശ്വാസം നൽകാനാണ് ജെൻസൺ ഒരു യാത്ര പ്ലാൻ ചെയ്തത്. പക്ഷ ആ യാത്ര, അവസാന യാത്രയായി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ കെട്ടിട നിർമാണ തൊഴിലാളിയും അമ്മ സബിത കടയിലെ ജീവനക്കാരിയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ 10-ാം വാർഡ് മുൻ മെംബർ കൂടിയായിരുന്നു സബിത. കൽപ്പറ്റ ഗവ. കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുൾപൊട്ടലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അച്ഛനെയും അനുജത്തിയെയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകൾ നടത്താനായി. ഡിഎൻഎ പരിശോധനയിലൂടെയാണ് അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
രണ്ടു മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണു സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിൽ എത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും മരിച്ചതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹം റജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.