KeralaNEWS

പരാതി പ്രളയം: ഇതു വരെ  ലഭിച്ചത് 20 ഓളം പരാതികൾ, സിദ്ദിഖിനെതിരെ ബലാത്സംഗ കേസ്

   നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ  സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തതിനു പിന്നാലെനടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. നടി രേവതി സമ്പത്തിൻ്റെ പരാതിയിലാണ് കേസെടുത്തത്. 2016 ൽ തലസ്ഥാനത്തെ ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചതായാണ് നടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്നുമായിരുന്നു നടിയുടെ ആരോപണം.
‘’പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’’
നടി പറഞ്ഞു. 2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.

Signature-ad

സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങൾ സംബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളിൽ വെളിപ്പെടുത്തലുകൾ നടത്താത്ത സംഭവങ്ങളും. ഇതുവരെ 20 ഓളം പരാതികൾ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും എസ്ഐടി തലവൻ ഐജി ജി.സ്പർജൻകുമാർ അറിയിച്ചു.

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ 7 പേർക്കെതിരെ നടി മിനു മുനീർ പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നൽകി. നടൻ ബാബുരാജ്, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെ ആരോപണമുന്നയിച്ച ജൂനിയർ ആർട്ടിസ്റ്റ് അന്വേഷണ സംഘത്തിന് ഇ- മെയിൽ വഴി പരാതി നൽകി.

വർഷങ്ങൾക്കു മുൻപു സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെ ജയസൂര്യയുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായെന്നാണ് മിനു മുനീറിന്റെ പരാതി. ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കാൻ ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു. മുകേഷ് ഫോണിൽ വിളിച്ചും നേരിൽ കണ്ടപ്പോഴും മോശമായി ഇടപെട്ടു. മണിയൻപിള്ള രാജുവുമൊത്ത് സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഭിഭാഷകനായ വി.എസ്.ചന്ദ്രശേഖരൻ എന്നിവരാണ് ആരോപണവിധേയരായ മറ്റുള്ളവർ.

പ്രത്യേക സംഘത്തിലുള്ള കോസ്റ്റൽ പൊലീസ് എഐജി ജി.പൂങ്കുഴലിക്കായിരിക്കും അന്വേഷണച്ചുമതല. രഞ്ജിത്തിനെ ഉടൻ ചോദ്യം ചെയ്യും. ശ്രീലേഖയുടെ രഹസ്യമൊഴി സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് തുടർനടപടികൾക്കു രൂപം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: