തൃശൂര്‍: പെരിങ്ങല്‍കുത്ത് പുളിയിലപാറ ക്രിസ്തുരാജ പള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം പള്ളിയില്‍ നാശനഷ്ടങ്ങള്‍ വരുത്തി. കോട്ടപ്പുറം ലത്തീന്‍ രൂപതയുടെ കീഴിലുള്ള 75 വര്‍ഷം പഴക്കമുള്ള പള്ളിയാണിത്.
വനമേഖലയിലല്‍ സ്ഥിതിചെയ്യുന്ന പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ആനകൂട്ടം അള്‍ത്താരയിലെ ബലിപീഠം മറിച്ചിട്ടു. ഫാന്‍, മൈക്ക്, സ്പീക്കര്‍, കസേരകള്‍ തുടങ്ങിയവയും നശിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച പള്ളിയിലാണ് ആനകൂട്ടം നാശനഷ്ടങ്ങള്‍ വരുത്തിയത്.
ഞായറാഴ്ച മാത്രമാണ് ഇവിടെ ആരാധനയുള്ളത്. ബുധനാഴ്ച രാവിലെ പ്രദേശത്ത് കന്നുകാലികളെ മേയ്ക്കാന്‍ പോയ ആളുകള്‍ പള്ളിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് കയറിനോക്കിയപ്പോഴാണ് സംഭവമറിയുന്നത്. പെരിങ്ങല്‍ക്കുത്ത് ഡാം പണിയുന്ന സമയത്ത് ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച പള്ളിയാണിത്. നേരത്തെയും കാട്ടാനക്കൂട്ടം പള്ളി ആക്രമിച്ചിട്ടുണ്ട്.