IndiaNEWS

വടകര സ്വദേശിയും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ കെ. കൈലാസനാഥൻ പുതുച്ചേരി ലഫ്. ഗവർണർ, പുതിയ 10  ഗവർണർമാർ

    മലയാളിയായ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി രാഷ്ട്രപതി നിയമിച്ചു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ്. കോഴിക്കോട് വടകര സ്വദേശിയാണ്.  10 പുതിയ ഗവർണർമാരെ ഇന്നലെ അർധരാത്രിയോടെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു.

അസം ഗവർണറായി നിയമിച്ച ലക്ഷ്മൺ പ്രസാദ് ആചാര്യക്ക് മണിപ്പുർ ഗവർണറുടെ അധികച്ചുമതല കൂടി നൽകിയിട്ടുണ്ട്. അസം ഗവർണറായിരുന്ന ഗുലാബ് ചന്ദ് കത്താരിയയെ പഞ്ചാബ് ഗവർണറായും ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. അസം ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതിന്റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതിഭവൻ അറിയിച്ചു.

Signature-ad

മഹാരാഷ്ട്ര ഗവർണറായി നിയമിതനായ സി.പി രാധാകൃഷ്ണൻ മുൻ ജാർഖണ്ഡ് ഗവർണറായിരുന്നു.  ജിഷ്ണുദേവ് വർമയാണു പുതിയ തെലങ്കാന ഗവർണർ. ഓംപ്രകാശ് മാത്തൂറിനെ സിക്കിം ഗവർണറായും നിയമിച്ചു. മുൻ കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗാങ്‌വാറിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. റമൺ ദേക്കയാണു പുതിയ ഛത്തീസ്ഗഡ് ഗവർണർ. എച്ച്.കെ.ബാഗ്ദെയാണ് പുതിയ രാജസ്ഥാൻ  ഗവർണർ. സി.എച്ച് വിജയശങ്കറാണു മേഘാലയ ഗവർണർ.

1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കെ കെ എന്നറിയപ്പെടുന്ന കുനിയിൽ കൈലാഷ്നാഥൻ കഴിഞ്ഞ മാസമാണ്  ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻ്റെ ഓഫീസിലെ സിഎംഒ പദവിയിൽ നിന്ന് വിടപറഞ്ഞത്.  2013-ൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹം കഴിഞ്ഞ 11 വർഷങ്ങളായി പല പ്രധാന സ്ഥാനങ്ങളിൽ തുടരുകയായിരുന്നു.

Back to top button
error: