ചെന്നൈ: വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടുന്നത് പലപ്പോഴും ഓരോരുത്തരുടെയും അശ്രദ്ധമൂലമായിരിക്കും. അത് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. പിന്നീട് അത് വീണ്ടെടുക്കാനാവാതെ നഷ്ടമാകുകയും ചെയ്യും. ചെന്നൈയില്‍ ഒരാള്‍ക്ക് അത്തരത്തിലൊരു അബദ്ധം സംഭവിച്ചു. ദേവരാജ് എന്നയാള്‍ മകളുടെ വിവാഹത്തിന് തന്റെ അമ്മ വിവാഹസമ്മാനമായി നല്‍കിയ ഡയമണ്ട് നെക്ലേസ് ചവറ്റുകൊട്ടയില്‍ അറിയാതെ വലിച്ചെറിഞ്ഞു. അതും അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം.
തനിക്ക് പറ്റിയ അബദ്ധം പിന്നീടാണ് ദേവരാജ് തിരിച്ചറിഞ്ഞത്. മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി മുന്‍സിപ്പാലിറ്റി സ്ഥാപിച്ച ചവറ്റുകൊട്ടയിലേക്കായിരുന്നു ദേവരാജ് നെക്ലേസ് വലിച്ചെറിഞ്ഞത്. സംഭവം ഓര്‍മവന്നതോടെ ദേവരാജ് ഉടന്‍ മുന്‍സിപ്പാലിറ്റി അധികൃതരെ വിവരമറിയിച്ചു. അപ്പോഴേക്കും ചവറ്റുകൊട്ടയിലെ മാലിന്യം ശുചീകരണത്തൊഴിലാളികള്‍ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അധികൃതര്‍ ശുചീകരണതൊഴിലാളികളുമായി മാലിന്യങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തി. ചെന്നൈ കോര്‍പ്പറേഷന്‍ കരാര്‍ എടുത്തിട്ടുള്ള മാലിന്യ സംസ്‌കരണ കമ്പനിയും തിരച്ചിലില്‍ ഭാഗമായി.
ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ മാലിന്യങ്ങള്‍ക്കുള്ളില്‍ നിന്ന് വജ്രമാല കണ്ടെത്തി. ഇതോടെയാണ് ദേവരാജിന് ആശ്വാസമായത്. വെറുമൊരു വജ്രമാല എന്നതിനപ്പുറം തന്റെ അമ്മ തന്റെ മകള്‍ക്ക് നല്‍കിയ വിവാഹസമ്മാനമാണിതെന്നും അതിനാല്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ദേവരാജ് പറയുന്നു.
ഇത്രയും വിലപിടിപ്പുള്ള ആഭരണം വീണ്ടെടുക്കാന്‍ സഹായിച്ചതിന് മുന്‍സിപ്പാലിറ്റിയോടും ശുചീകരണത്തൊഴിലാളികളോടും ജീവനക്കാരോടും നന്ദി രേഖപ്പെടുത്തിയാണ് ദേവരാജ് മടങ്ങിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.