KeralaNEWS

ഇ.പി -ജാവഡേക്കര്‍ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ല; സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാന കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിരുത്തേണ്ടവര്‍ ആരായാലും അതെല്ലാം തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ മതരാഷ്ട്രവാദത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്തും. വര്‍ഗീയവാദത്തെ ശാസ്ത്രീയമായി പ്രതിരോധിക്കും. കേരളത്തിലെ പ്രധാനപ്പെട്ട നവോഥാന നായകന്‍ ശ്രീനാരായണ ഗുരുവാണ്. മതിനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി. എന്നാല്‍ ബി.ഡി.ജെ.എസ് രൂപീകരണത്തോടെ കാവിവല്‍ക്കരണ ശ്രമമാണ് നടക്കുന്നത്. ഇതിനെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Signature-ad

ജാതീയമായി പിളര്‍ത്തി വര്‍ഗീയമായി യോജിപ്പിക്കുക എന്ന നയമാണ് സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി കൈകാര്യം ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപെടുന്ന രീതി ആവിഷ്‌കരിക്കും. മുസ്ലിം ലീഗ് മതരാഷ്ട്ര വാദികളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. ഈ നിലപാടിനെ ശക്തമായി തുറന്നുകാണിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പിയുടെ ശക്തി അറിഞ്ഞുകൊണ്ട് തന്നെയാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന് മറുപടിയായി എം.വി ഗോവിന്ദന്‍ പറഞ്ഞു. എസ്.എന്‍.ഡി.പിയെ അല്ല വര്‍ഗീയതയെ ആണ് എതിര്‍ക്കുന്നത്. ആര് എന്ത് പറഞ്ഞാലും ഇതിനോടുള്ള എതിര്‍പ്പ് തുടരും. ക്ഷേത്രങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. വിശ്വാസികളാരും വര്‍ഗീയവാദികളല്ല. വര്‍ഗീയവാദിക്ക് വിശ്വാസിയാകാനും പറ്റില്ല.

ആരാധനാലയങ്ങളില്‍ പോകുന്നതിന് സി.പി.എം വിലക്കേര്‍പ്പെടുത്തിയിട്ടില്ല. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉള്ളവരെല്ലാം മാര്‍ക്സിസ്റ്റ് ആണെന്ന് ധരിക്കേണ്ട. പാര്‍ട്ടി അംഗമായതുകൊണ്ട് ഒരാള്‍ വിശ്വാസത്തില്‍ വിലക്കേര്‍പ്പെടുത്തേണ്ടതില്ല. ആര്‍.എസ്.എസ് ശാഖകളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണ്. ശാഖാ പ്രവര്‍ത്തനം എന്നാല്‍ ഗുണ്ടാ പ്രവര്‍ത്തനമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

Back to top button
error: