പത്തനംതിട്ട: മഴ അവധി നല്‍കാത്തതിന് പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് കുട്ടികളുടെ അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി സന്ദേശവും.15 വയസില്‍ താഴെയുള്ള കുട്ടികളാണ് സന്ദേശങ്ങള്‍ അയക്കുന്നത്. അവധി പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധത്തില്‍ എണ്ണമറ്റ ഫോണ്‍ കോളുകളും കലക്ടര്‍ക്ക് ലഭിക്കുന്നുണ്ട്. വിഷയത്തില്‍ രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തി കലക്ടര്‍ പ്രേം കൃഷ്ണന് ഉപദേശം നല്കി.
ഇന്ന് അവധി തന്നില്ലെങ്കില്‍ എന്റെ അവസാനത്തെ ദിവസമായിരിക്കുമെന്നും അതിന് കലക്ടറായിരിക്കും ഉത്തരവാദിയെന്നുമെല്ലാം കുട്ടികള്‍ സന്ദേശമയക്കുന്നുണ്ടെന്നും കലക്ടര്‍ പറയുന്നു.
”അവധി തരാത്ത കലക്ടര്‍ രാജിവെക്കണമെന്നാ മറ്റൊരു കുട്ടിയുടെ മെസേജ്. എന്നാല്‍, സ്വന്തം സോഷ്യല്‍മീഡിയ അക്കൗണ്ടിലേക്ക് അസഭ്യമായ രീതിയില്‍ സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയപ്പോഴാണ് സന്ദേശമയച്ചതെല്ലാം ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണെന്ന് മനസിലായത്. ഇതിലെ രണ്ടുമൂന്ന് സോഷ്യല്‍മീഡിയ ഐഡികള്‍ പരിശോധിച്ച് അവരുടെ രക്ഷിതാക്കളെയടക്കം വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ പരിശോധിച്ച് നല്‍കും” -കലക്ടര്‍ പ്രേം കൃഷ്ണന് അറിയിച്ചു.