NEWSSocial Media

വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ സൈബര്‍ ആക്രമണം; പരാതിയുമായി മോഡല്‍

വീരമൃത്യു വരിച്ച അഗ്‌നിവീറിന്റെ വിധവയാണെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ രേഷ്മ സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തുവന്നത്. ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ക്ക് നേരെയുള്ള ആക്രമണം.

തന്റെ ഭര്‍ത്താവിനുള്ള മരണാനന്തര ബഹുമതിയായ കീര്‍ത്തിചക്ര ഈയിടെ സ്മൃതി സിങ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളും ഉയരുന്നത്. മകന്റെ മരണാനന്തരം ലഭിച്ച ജീവനാംശവും പുരസ്‌കാരവും വസ്ത്രവും ഫോട്ടോ ആല്‍ബവും മറ്റു ഓര്‍മകളും സ്മൃതി എടുത്തുകൊണ്ടുപോയതായി അന്‍ഷുമാന്റെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണം വരുന്നത്.

Signature-ad

ഇതിനിടയിലാണ് ആളുമാറി രേഷ്മക്കെതിരെയും ആക്രമണമുണ്ടാകുന്നത്. ഇതിനെതിരെ രേഷ്മ തന്നെ രംഗത്തുവന്നു. ‘ഇത് ഇന്ത്യന്‍ ആര്‍മി സൈനികനായ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം? പ്രൊഫൈല്‍ വിശദാംശങ്ങളും ബയോയും വായിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതില്‍നിന്നും ദയവായി വിട്ടുനില്‍ക്കണം’ -രേഷ്മ സെബാസ്റ്റ്യന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. ‘എന്തിനും ഒരു പരിധിയുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓര്‍ത്ത് അമ്മ വിലപിക്കുമ്പോള്‍ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ സൗന്ദര്യ പ്രദര്‍ശനം നടത്തുന്നു എന്ന തലക്കെട്ടോടെ പ്രചരിപ്പിക്കുന്നത് തന്റെ ചിത്രങ്ങളും ഐഡിയും ആണെന്ന് രേഷ്മ സെബാസ്റ്റ്യന്‍ പറയുന്നു.

വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതിക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതില്‍ ഡല്‍ഹിയ പൊലീസ് കേസെടുത്തിരുന്നു. ഡല്‍ഹി സ്വദേശിക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകളും ഐടി ആക്ടിലെ വകുപ്പുകളും പ്രകാരം കേസെടുത്തിരിക്കുന്നത്. വനിതാ കമ്മിഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി. സമൂഹമാധ്യമത്തില്‍ സ്മൃതിയുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വിഷയത്തിലാണ് വനിതാ കമ്മിഷന്‍ സ്വമേധയാ ഇടപെട്ടത്.

2023 ജൂലൈയില്‍ സിയാച്ചിനിലുണ്ടായ തീപിടിത്തത്തിലാണ് അന്‍ഷുമാന്‍ സിങ് വിരമൃത്യു വരിക്കുന്നത്. പഞ്ചാബ് റെജിമെന്റിലെ 26ാം ബറ്റാലിയന്‍ മെഡിക്കല്‍ വിഭാഗത്തിലാണ് ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. സ്‌ഫോടക വസ്തുക്കള്‍ക്ക് സമീപം തീപിടിത്തം ഉണ്ടായതോടെ ആരോഗ്യ കേന്ദ്രത്തിലെ മരുന്നുകള്‍ നീക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. ഇവിടെ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷിച്ചശേഷമാണ് മരുന്നുകള്‍ മാറ്റാന്‍ ശ്രമിച്ചത്. പുണെയിലെ ആംഡ് ഫോഴ്‌സെസ് മെഡിക്കല്‍ കോളജില്‍നിന്നാണ് അന്‍ഷുമാന്‍ ബിരുദം നേടിയത്.

സിയാച്ചിനിലേത് ആദ്യ പോസ്റ്റിങ്ങായിരുന്നു. മരണത്തിന്റെ രണ്ട് മാസം മുമ്പാണ് അന്‍ഷുമാനും സ്മൃതി സിങ്ങും തമ്മിലെ വിവാഹം നടക്കുന്നത്. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. കീര്‍ത്തിചക്ര സമ്മാനിച്ച ശേഷം ഭര്‍ത്താവിനെക്കുറിച്ച് സ്മൃതി ഓര്‍മകള്‍ പങ്കുവെക്കുന്ന വീഡിയോ ആര്‍മി പുറത്തുവിട്ടിരുന്നു.

 

Back to top button
error: