മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ചതിച്ച കോണ്‍ഗ്രസ് എം.എല്‍.എമാരെ തിരിച്ചറിഞ്ഞെന്നും അവരെ വെറുതെ വിടില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോലെ. ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പതിനൊന്ന് സീറ്റില്‍ ഒമ്പത് സീറ്റുകള്‍ മഹായുതി സഖ്യമാണ്(എന്‍.ഡി.എ) സ്വന്തമാക്കിയത്. രണ്ട് സീറ്റുകളില്‍ മഹാവികാസ് അഘാഡി സഖ്യം(ഇന്‍ഡ്യ) വിജയിച്ചു.
”ചതിയന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും മൊത്തത്തിലുള്ള റിപ്പോര്‍ട്ടും പാര്‍ട്ടി ഹൈക്കമാന്‍ഡിന് അയച്ചിട്ടുണ്ട്. ഒറ്റിയവര്‍ക്ക് ഇനി പാര്‍ട്ടിയില്‍ ഇടമുണ്ടാകില്ല. രണ്ടോ മൂന്നോ ദിവസത്തിനകം ഇവര്‍ക്കെതിരെ നടപടിയുണ്ടാകും”- പടോലെ പറഞ്ഞു.
”രണ്ട് വര്‍ഷം മുമ്പ് നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിന്റെ പരാജയവും ഇതേ ചതിയന്മാര്‍ ഉറപ്പാക്കിയിരുന്നു. ഇത്തവണ കെണിയൊരുക്കിയാണ് ഇവരെ തിരിച്ചറിഞ്ഞത്. പാര്‍ട്ടിയെ വീണ്ടും ഒറ്റിക്കൊടുക്കാന്‍ ആരും ധൈര്യപ്പെടാത്ത വിധം നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇപ്പോള്‍ ക്രോസ് വോട്ട് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ 2022 ലെ എം.എല്‍.സി തെരഞ്ഞെടുപ്പിലും ഇതേ, പണി എടുത്തിരുന്നുവെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ക്രോസ് വോട്ടിനായി എംഎല്‍എമാര്‍ക്ക് ബി.ജെ.പി പണം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
ഈ മാസം 12ന് നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഏഴോളം കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ക്രോസ് വോട്ട് ചെയ്തത്. 37 വോട്ടുകളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രദ്ന്യ സതവിന് 30 വോട്ടുകളാണ് ഉറപ്പിച്ചിരുന്നത്. ശേഷിക്കുന്ന ഏഴു വോട്ടുകള്‍ സഖ്യകക്ഷിയായ ശിവസേനയുടെ (യു.ബി.ടി) സ്ഥാനാര്‍ഥി മിലിന്ദ് നര്‍വേക്കറിനാണെന്നും പാര്‍ട്ടി അറിയിച്ചിരുന്നു.
എന്നാല്‍, പ്രദ്ന്യ സതവിന് 25ഉം നര്‍വേക്കറിന് 22 വോട്ടുകളാണ് ലഭിച്ചത്. അതായത് ഏഴ് കോണ്‍ഗ്രസ് എം.എല്‍.എ.മാരെങ്കിലും ക്രോസ് വോട്ട് ചെയ്‌തെന്നാണ് വ്യക്തമാകുന്നത്. ചെറുപാര്‍ട്ടികളില്‍നിന്നും ഭരണമുന്നണയില്‍ നിന്ന് പോലും വോട്ടുകള്‍ പ്രതീക്ഷിച്ചാണ് എം.വി.എ മൂന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ സ്വന്തം പാളയത്തിലെ എം.എല്‍.എമാര്‍ തന്നെ തിരിഞ്ഞത് സഖ്യത്തിനു തന്നെ ക്ഷീണമായി.
ക്രോസ് വോട്ട് ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്രിയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്ത് എത്തിയിരുന്നു. ക്രോസ് വോട്ട് ചെയ്തവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടിയെ അനുസരിച്ച് വോട്ട് ചെയ്തവരെ വരെ സംശയിക്കുമെന്നായിരുന്നു ഈ എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് എം.എല്‍.എമാര്‍ കത്തും നല്‍കിയിരുന്നു.