വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകൾ മയക്കുമരുന്ന് കടത്തിൻ്റെ സിരാകേന്ദ്രങ്ങളാണ്. പ്രതിദിനം നിരവധി കേസുകളാണ് റിപ്പോർട്ടു ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി 3 പേരാണ് പിടിയിലായത്. വിപണിയിൽ 8 ലക്ഷത്തോളം വിലവരുന്ന കാൽ കിലോയിലധികം എം.ഡി.എം.എയുമായി കാസർകോട് കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി മുഹമ്മദ് സാബിർ (31) തിരുനെല്ലി പൊലീസിൻ്റെ പിടിയിലായത് ഇന്നലെയാണ്.
തോൽപ്പെട്ടി പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ ഇയാളിൽ നിന്ന് 265 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു.
തലേ ദിവസം ബാവലി എക്സൈസ് ചെക്പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിലായിരുന്നു. ഈ സംഭവത്തിൽ ഒരാൾകൂടി ഇന്നലെ അറസ്റ്റിലായി. കണ്ണൂർ മാട്ടൂൽ മൂസക്കാൻപള്ളി പി.പി ഹൗസിൽ അഹമ്മദാലി (29) യാണ് അറസ്റ്റിലായത്.
മാട്ടൂൽ വാടിക്കൽക്കടവ് റോഡ് ഭാഗം എ.ആർ. മൻസിലിൽ ടി.വി. നിയാസ് (30), മാട്ടൂർ സെൻട്രൽ ഭാഗത്ത് ഇട്ടപുരത്ത് വീട്ടിൽ ഇ. മുഹമ്മദ് അമ്രാസ് (24) എന്നിവരെ ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നിന്ന് പിടിയിലായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇവർക്ക് എം.ഡി.എം.എ. എത്തിച്ചുനൽകിയത് അഹമ്മദാലിയാണെന്ന് വ്യക്തമായതിനെ തുടർന്നാണ് അയാൾ അറസ്റ്റിലായത്.
ഇവർക്ക് എം.ഡി. എം.എ നൽകിയ ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ബോബോ’ എന്നറിയപ്പെടുന്ന നിയാസും മുഹമ്മദ് അമ്രാസും ബാവലി എക്സൈസ് ചെക്‌പോസ്റ്റിൽ പിടിയിലായ അതേദിവസം അഹമ്മദാലി 32.5ഗ്രാം എം.ഡി.എ.യും സഞ്ചരിച്ച കാറുമായി കൂട്ടുപുഴ ചെക്പോസ്റ്റിൽ പിടിയിലായിരുന്നു. കൂത്തുപറമ്പ് സബ് ജയിലിൽ കഴിയുന്ന അഹമ്മദാലിയുടെ ഫോർമൽ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഹമ്മദാലിയെ മൂന്നാംപ്രതി ചേർത്താണ് കേസെടുത്തിട്ടുള്ളത്.