CrimeNEWS

ജട്ടിപ്പുറത്ത് മോഷണം, ഓപ്പറേഷനുശേഷം കുളി നിര്‍ബന്ധം; പോലീസിനെ വട്ടംകറക്കി ‘പക്കി’ സുബൈര്‍

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ‘പക്കി’ സുബൈര്‍ (51) ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കംകെടുത്തുകയാണ്. ഉദ്യോഗസ്ഥര്‍ പല സംഘങ്ങളായി പിരിഞ്ഞ് രാത്രി മുഴുവന്‍ തിരച്ചിലിലാണ്. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് സുബൈര്‍ മോഷണം തുടരുന്നു. പുലര്‍ച്ചെ ഒന്നിനും മൂന്നിനും മധ്യേയാണ് മോഷണം. രണ്ടുമാസത്തിനിടെ നൂറോളം മോഷണങ്ങള്‍. കുറഞ്ഞത് ഏഴുലക്ഷം രൂപയെങ്കിലും ഇയാള്‍ അപഹരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.

കൊല്ലം ശൂരനാട് സ്വദേശിയാണ് പക്കി സുബൈര്‍. 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കൊല്ലം, ഓച്ചിറ, കരുനാഗപ്പള്ളി, മാവേലിക്കര, ഹരിപ്പാട്, കരീലക്കുളങ്ങര, കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വ്യാപകമായി മോഷണം നടത്തി. മാവേലിക്കര പോലീസ് അടൂരില്‍നിന്ന് ഇയാളെ പിടികൂടി. തുടര്‍ന്നു ജയിലിലായിരുന്ന പ്രതി കഴിഞ്ഞ മേയിലാണ് പുറത്തിറങ്ങുന്നത്.

Signature-ad

വീണ്ടും മോഷണം തുടങ്ങി. മുന്‍പ് മോഷണം നടത്തിയ സ്ഥലങ്ങളില്‍ത്തന്നെയാണ് രണ്ടാംവരവിലും കയറുന്നത്. കഴിഞ്ഞദിവസം അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സുബൈര്‍ മോഷണം നടത്തിയത്. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷണത്തിനിറങ്ങുന്നത്. ആയുധം കൊണ്ടുനടക്കാറില്ല. വീടുകളുടെയും കടകളുടെയും പരിസരങ്ങളില്‍നിന്നു കിട്ടുന്ന ആയുധങ്ങള്‍ കൈക്കലാക്കുന്നതാണ് പതിവ്.

പണവും സ്വര്‍ണവും സ്വന്തം ഉപയോഗത്തിനുള്ള വസ്ത്രങ്ങളും മാത്രമാണ് മോഷ്ടിക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ ‘ജോലി’ പൂര്‍ത്തിയാക്കും. തുടര്‍ന്ന് കുളി നിര്‍ബന്ധം. മോഷണം നടത്തിയ വീടുകളില്‍ പുറത്തു കുളിമുറിയുണ്ടെങ്കില്‍ വിസ്തരിച്ചു കുളിക്കും. മോഷണത്തിനിറങ്ങുന്നതിനു മുന്‍പ് വസ്ത്രങ്ങള്‍ എവിടെങ്കിലും സൂക്ഷിച്ചുവെക്കും. കുളികഴിഞ്ഞ് ഇവ ധരിച്ചു മടങ്ങും.

രാത്രി ട്രെയിനിലാണ് സുബൈര്‍ മോഷണത്തിനെത്തുന്നതെന്നു പോലീസ് പറയുന്നു. ട്രാക്കിലൂടെ നടന്നാണ് മോഷണത്തിനുള്ള വീടുകളും കടകളും കണ്ടെത്തുന്നത്. മോഷണം കഴിഞ്ഞ് ട്രാക്കിലൂടെ തന്നെ നടക്കും. നേരം പുലരുമ്പോഴേക്കും ട്രെയിനിലോ ബസ്സിലോ മടങ്ങും. പകല്‍ മുഴുവന്‍ യാത്രയിലായിരിക്കുമെന്ന് മുന്‍പ് ഇയാളെ ചോദ്യംചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പക്കി സുബൈറിന് മൊബൈല്‍ ഫോണില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മോഷണത്തിനു കൂട്ടുകാരുമില്ല. കുറ്റിക്കാടുകളില്‍ ഒളിക്കാന്‍ വിദഗ്ധനാണ്. എല്ലാ ദിവസവും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. പക്ഷേ, ഇന്ന് കൊല്ലത്താണെങ്കില്‍ നാളെ ആലപ്പുഴയിലായിരിക്കും. ഇങ്ങനെ ഏറെദൂരം കടന്ന് മോഷണം നടത്തുന്നതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ‘പക്കി’ എന്ന വിളിപ്പേരിട്ടത്.

Back to top button
error: