KeralaNEWS

മലബാറിൻ്റെ സ്വപ്നം തലശ്ശേരി- മാഹി ബൈപാസ്: ഈ സ്വപ്നപാത ഇപ്പോൾ അപകടങ്ങളുടെ തുരുത്ത്, ഇന്നലെയും യുവാവിന് ദാരുണ അന്ത്യം

    കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ നീളമുള്ള ബൈപാസ് മലബാറിൻ്റെ സ്വപ്നമായിരുന്നു. പ്രകൃതിരമണീയ ദൃശ്യങ്ങൾ കൊണ്ടു സമ്പന്നമാണ് ഈ പാത. അരനൂറ്റാണ്ടിലേറെ കാലമായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ സ്വപ്നപാത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാടിന് സമര്‍പ്പിച്ചത്. ഈ പാതയിൽ ഇപ്പോൾ അപകടങ്ങൾ തുടർക്കഥയായി മാറിയിരിക്കുന്നു. ഉദ്ഘാടനത്തിനു ശേഷം പ്രതിദിനം അപകടങ്ങളുടെ ഘോഷയാത്രയാണ്.

മാഹി ബൈപ്പാസിൽ സിഗ്നലിന് സമീപം വീണ്ടും അപകടം, ഒരാൾ മരണപ്പെട്ടു. ഇന്നലെ നടന്ന അപകടത്തിൽ കരിയാട് എൻ എ എം റോഡിൽ മാരാം വീട്ടിൽ മുഹമ്മദ് നസീർ ( 39 ) ആണ് മരിച്ചത്. തലശ്ശേരിയിൽ നിന്ന് കാറിൽ കരിയാടിലേക്ക് വരുന്ന വഴി കവിയൂർ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. കാറിൽ നിന്നിറങ്ങി റോഡിൽ നിൽക്കുമ്പോൾ വേറൊരു സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ സർവ്വീസ് റോഡിൽ തലയടിച്ച് വീഴുന്നു. ഉടനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരേതനായ കുഞ്ഞമ്മദിന്റെയും സുബൈദയുടെയും മകനാണ്.

Signature-ad

മാഹി ബൈപ്പാസിലെ സിഗ്നൽ ജങ്ഷനിൽ വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു. ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. നാലു മണിക്കൂറിനുശേഷം രണ്ടാമത്തെ അപകടമുണ്ടായി. ചൊക്ലി – മാഹിപ്പാലം റോഡിലൂടെ വന്ന സ്കൂട്ടറും ബൈപാസിലൂടെ എത്തിയ കാറുമാണ് അപകടത്തിൽപെട്ടത്.

രണ്ടാഴ്ച മുമ്പാണ് മാഹി ബൈപ്പാസ് ഈസ്റ്റ് പള്ളൂർ സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടം നടന്നത്.

സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട എക്സ് യു വി കാറിടിച്ച് ഡ്രൈവർ ആലപ്പുഴ സ്വദേശിയായ ശിവപ്രസാദാണ് (43) മരണപ്പെട്ടത്. പുലർച്ചെ 3.30 നായിരുന്നു സംഭവം

കാസർകോഡ് നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിറകിൽ ഇതേ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു

കർണ്ണാടകയിൽ ക്ഷേത്രദർശനം നടത്തി ആലപ്പുഴയിലേയ്ക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തിൽ പെട്ടത്. ശിവപ്രസാദാണ് കാർ ഓടിച്ചിരുന്നത്

ഭാര്യ ദേവശ്രീയ്ക്ക് കാലിനാണ് പരിക്ക്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

മുൻ സീറ്റിലാണ് ഭാര്യ ഇരുന്നത്. പിൻ സീറ്റിലിരുന്ന മക്കൾ രണ്ട് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: