മലപ്പുറത്തിൻ്റെ കണ്ണീര് തോരുന്നില്ല. ഇടമുറിയാതെ പെയ്യുന്ന മഴയത്ത് നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയാണ് 9 വയസുകാരൻ മുഹമ്മദ് സിനാൻ വല്യുമ്മയോടൊപ്പം വിടവാങ്ങിയത്.
ആ 4-ാം ക്ലാസുകാരൻ കഴിഞ്ഞ ദിവസം പള്ളിയിലേക്കു പോകും വഴി അയൽ വീട്ടിലെ ഗേറ്റിൽ കുടുങ്ങി അതിദാരുണമായാണ് മരിച്ചത്. കൊച്ചുമകന്റെ മരണവാർത്ത കേട്ട് വല്യുമ്മ ആസിയ ഹൃദയാഘാതം മൂലവും മരിച്ചു.
റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി മരിച്ച മുഹമ്മദ് സിനാൻ്റെ വിയോഗം നമുക്കൊരു പാഠമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളിൽ അപകടം പതി ഇരിപ്പുണ്ടന്നെ പാഠം.
നൂതന സാങ്കേതികവിദ്യകളെല്ലാം മനുഷ്യ ജീവിതം ലളിതവും സുഖകരവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടറുകൾ, ക്ലീനിങ് റോബോട്ടുകൾ, മറ്റ് സ്മാർട്ട് ഹോം ഉപകരണങ്ങൾ, ഓട്ടോമാറ്റിക് ഗേറ്റുകൾ എന്നിവയെല്ലാം. അതിനുദാഹരണങ്ങളാണ്.
റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റുകൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. വാഹനം ഉപയോഗിക്കുന്നവർക്ക് അതിൽ തന്നെ ഇരുന്നും വീട്ടിലുള്ളവർക്ക് മുറ്റത്തേക്ക് ഇറങ്ങാതെയും ഗേറ്റ് അടയ്ക്കാനും തുറക്കാനും കഴിയും. എന്നാൽ എല്ലാ സാങ്കേതിക വിദ്യകളെയും പോലെ തന്നെ ഓട്ടോമാറ്റിക് ഗേറ്റുകളും മനുഷ്യരുടെ കൃത്യമായ മേൽനോട്ടത്തിലും ശ്രദ്ധയിലുമാണ് പ്രവർത്തിപ്പിക്കേണ്ടത്. അത് ശരിയായ രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും ഉപയോഗിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും ആദ്യം ഉറപ്പ് വരുത്തണം.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുകളുടെ ചില അപകടങ്ങൾ ചൂണ്ടികാണിക്കാം.
ഗേറ്റുകൾക്കിടയിൽ കുടുങ്ങാം, പരിക്കുകൾ പറ്റാം, മരണപ്പെടാം. ഇത്തരം ഓട്ടോമാറ്റിക് ഗേറ്റുകളുടെ ഏറ്റവും വലിയ ഭീഷണികളിൽ ചിലതാണിത്. ഗേറ്റുകൾ അടയ്ക്കുന്ന സമയത്ത് അതിനകത്ത് കുട്ടികളോ ആളുകളോ മൃഗങ്ങളോ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തണം. ഇത്തരം അപകടങ്ങളിൽ പെട്ടെന്ന് പെടാനുള്ള സാധ്യത കൂടുതലും കുട്ടികളാണ്. അതുകൊണ്ട് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുമ്പോഴും ഗേറ്റ് കൃത്യമായി അടയുന്നുണ്ടെന്നും സുരക്ഷിതമാണെന്നും നേരിട്ട് നോക്കി ഉറപ്പുവരുത്തുക.
സാങ്കേതിക പിഴവുകൾ അപകടം ഉണ്ടാക്കാം
റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണം ആയതിനാലും ഗേറ്റുകൾ ലോഹ നിർമ്മിതമായതിനായാലും വൈദ്യുതി സംവിധാനത്തിലെ പിഴവ് മൂലം ഷോക്കേൾക്കാനും തീപിടുത്തം ഉണ്ടാവാനും അത് കാരണമായേക്കാം. കാലാവസ്ഥയോ ഇലക്ട്രിക് സംവിധാനങ്ങളിലെ മറ്റ് പ്രശ്നങ്ങളോ അതിന് വഴി വയ്ക്കാം.
സുരക്ഷാസംവിധാനങ്ങളിലെ അഭാവം
ചില ഗേറ്റുകളിൽ സുരക്ഷ സംവിധാനങ്ങൾ ഉണ്ടാവണം എന്നില്ല. അവ കേവലം തുറക്കാനും അടയ്ക്കാനും മാത്രം സാധിക്കും വിധം രൂപകല്പന ചെയ്തവയാവാം. എന്തെങ്കിലും തടസ്സം ശ്രദ്ധയിൽപ്പെട്ടാൽ സെൻസറുകളുടെ സഹായത്തോടെ അത് തിരിച്ചറിയുകയും ഓട്ടോ റിവേഴ്സ് പ്രവർത്തിപ്പിച്ച് ഗേറ്റുകൾ തിരികെ പോവുകയും ചെയ്യുന്ന സുരക്ഷിത സംവിധാനങ്ങളുണ്ട്. തടസ്സങ്ങൾ തിരിച്ചറിയാൻ ആവശ്യമായ അത്രയും സെൻസറുകൾ ഇതിന് ആവശ്യമാണ്. അവ കാര്യക്ഷമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
ഹാക്കിംഗ്
നൂതന ഐ.ഒ.ടി സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് ഗേറ്റിന്റെ പ്രവർത്തനമെങ്കിൽ അത് ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇതുവഴി മറ്റൊരാൾക്ക് ഗേറ്റിന്റെ നിയന്ത്രണം കയ്യടക്കാനാവും.
അറ്റകുറ്റപ്പണികളുടെ അഭാവം
ഓട്ടോമാറ്റിക് ഗേറ്റുകളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ഗേറ്റിന്റെ ഭാഗങ്ങളെല്ലാം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും തകരാറുകളില്ലെന്നും പരിശോധിച്ച് ഉറപ്പിക്കണം. സെൻസറുകൾ വൃത്തിയാക്കണം. ശരിയായ രീതിയിൽ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തിയില്ലെങ്കിൽ അത് ഉപഭോക്താക്കൾക്ക് ഭീഷണി ആയി തീർന്നേക്കാം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
നല്ല കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങുക.
വിദഗ്ധരായ ആളുകളാണ് ഗേറ്റുകൾ സ്ഥാപിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
സെൻസറുകളും ഓട്ടോ റിവേഴ്സ് സംവിധാനങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
നിരന്തരം ഗേറ്റിന്റെ പ്രവർത്തനം നിരീക്ഷിക്കുക, അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുക.
വീട്ടിലുള്ളവർക്കെല്ലാം ഗേറ്റുമായി ബന്ധപ്പെടാനുള്ള സുരക്ഷാ നിർദേശങ്ങൾ നൽകുക.