ലഖ്നൗ: തന്റെ സമ്മതമില്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയുമായി യുപി സ്വദേശി. മുസഫര്‍നഗര്‍ സ്വദേശിയായ മുജാഹിദ്(20) ആണ് പരാതിയുമായി രംഗത്തെത്തിയത്. ശസ്ത്രക്രിയക്കിടെ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതായും യുവാവ് ആരോപിക്കുന്നു. സുഹൃത്തായ ഓംപ്രകാശാണ് തന്നെ ചതിച്ചതെന്ന് മുജാഹിദ് പറയുന്നു.
മുസാഫര്‍നഗര്‍ ജില്ലയിലെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ഒത്തുചേര്‍ന്നാണ് ഓംപ്രകാശ് കൃത്യം നിര്‍വഹിച്ചതെന്ന് മുജാഹിദ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് തന്നെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടി. ജൂണ്‍ മൂന്നിന് മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് മുജാഹിദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തനിക്ക് രോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മയക്കുമരുന്ന് നല്കി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നുമാണ് മുജാഹിദിന്റെ ആരോപണം.
”അവന് എന്നെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിറ്റേന്ന് രാവിലെയായിരുന്നു ഓപ്പറേഷന്. ബോധം വന്നപ്പോള്‍ ഞാനൊരു പെണ്‍കുട്ടിയായി മാറിയിരുന്നു” മുജദാഹിദ് വിശദമാക്കി. ഉറക്കമുണര്‍ന്നപ്പോള്‍ സ്ത്രീയാണെന്നും വിവാഹം കഴിക്കാന്‍ ലഖ്നൗവിലേക്ക് കൊണ്ടുപോകുമെന്നും ഓംപ്രകാശ് പറഞ്ഞതായി മുജാഹിദ് വ്യക്തമാക്കുന്നു. ”എതിര്‍ത്താല്‍ എന്റെ പിതാവിനെ കൊല്ലുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി,” മുജാഹിദ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സമ്മതമില്ലാതെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ ഒത്താശ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇത് നിഷേധിച്ചു. മുജാഹിദ് സ്വന്തം ഇഷ്ടപ്രകാരമാണ് ലിംഗമാറ്റത്തിന് വിധേയനായതെന്ന് അവര്‍ പറയുന്നു. മുജാഹിദിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓംപ്രകാശിനെ ജൂണ്‍ 16ന് അറസ്റ്റ് ചെയ്തു. സംഭവത്തിനെതിരെ മെഡിക്കല്‍ കോളേജിന് പുറത്ത് ഭാരതീയ കിസാന്‍ യൂണിയന് (ബികെയു) പ്രതിഷേധ പ്രകടനം നടത്തി.അവയവക്കച്ചവടമുള്‍പ്പെടെയുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നുണ്ടെന്ന് ബികെയു നേതാക്കള്‍ ആരോപിക്കുന്നു. മുജാഹിദിന് സര്‍ക്കാര്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബികെയു നേതാവ് ശ്യാംപാല്‍ ആവശ്യപ്പെട്ടു.