യുഎഇയിൽ ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിബന്ധന കടുപ്പിച്ച് ഗവൺമെന്റ്. 5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും വേണം എന്നാണ് പുതിയ നിബന്ധന. 6-ാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യാൻ 15,000 ദിർഹം ശമ്പളം വേണം.
6 ൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറൽ തീരുമാനമെടുക്കും. പുതിയ നിയമം എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. ജീവിത പങ്കാളിയെയും മക്കളെയും ഉൾപ്പെടെ 5 പേരാണോ എന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഈ വിവരങ്ങൾ അറിഞ്ഞിരിക്കുക
☸ യുഎഇയിൽ റഡിസൻസ് വീസയുള്ള വ്യക്തിയുടെ ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ, ഇരുവരുടെയും മാതാപിതാക്കൾ എന്നിവർക്കാണ് ആശ്രിത വീസ ഇപ്പോൾ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡൻസ് വീസയിൽ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിർഹമാണ് ശമ്പള പരിധി.
☸ അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉണ്ടാകണം. ഈ നിയമം അനുസരിച്ച് ഒരു ഭാര്യയിൽ എത്ര മക്കളുണ്ടെങ്കിലും സ്പോൺസർ ചെയ്യാം. 2-ാമതൊരു ഭാര്യയും മക്കളും ഉണ്ടെങ്കിൽ അവർക്കായി വേറെ ഫ്ലാറ്റ് ഉണ്ടായിരിക്കണം. ഇവർക്ക് ഒരു വർഷ കാലാവധിയുള്ള വീസയാണ് ലഭിക്കുക. 5000 ദിർഹം ഡിപ്പോസിറ്റും നിർബന്ധം.
☸ മാതാപിതാക്കളെ റെസിഡൻസ് വീസയിൽ കൊണ്ടുവരാൻ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും നിർബന്ധം. 5000 ദിർഹം കെട്ടിവയ്ക്കണം. നാട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത, മാറ്റാരും നോക്കാനില്ലാത്ത പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ പ്രത്യേക അനുമതി എടുത്ത് കൊണ്ടുവരാം.
☸ മാതാപിതാക്കൾക്കും പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾക്കും ഒരു വർഷ കാലാവധിയുള്ള വീസയാണ് നൽകുക. ഓരോ വർഷവും പുതുക്കാം.
☸ കുറഞ്ഞത് 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്ക് കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ സന്ദർശക വീസയിൽ കൊണ്ടുവരാം. എന്നാൽ പേരക്കുട്ടികളെ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളം ഉണ്ടാകണം.
☸ 10, 5 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ, ഗ്രീൻ വീസ, ഈ 2 വീസക്കാരുടെയും ആശ്രിതർ എന്നിവർക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞാലും താമസ വീസ റദ്ദാകില്ല. കാരണം ബോധിപ്പിച്ച് അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ യുഎഇയിലേക്കു പ്രവേശിക്കാം. അതുപോലെ വീസ കാലാവധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാതെ 6 മാസം വരെ യുഎഇയിൽ തങ്ങാനും ഇവർക്കും ആശ്രിതർക്കും അനുമതിയുണ്ട്.
☸ സന്ദര്‍ശക വിസയിലുള്ള കുടുംബാംഗങ്ങളെ റസിഡന്‍സ് വിസയിലേക്ക് മാറ്റാനും അനുമതിയുണ്ട്. ഇതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. 18 വയസ്സിനു മുകളിലുള്ളവര്‍ മെഡിക്കല്‍ പരിശോധനയ്ക്കു ഹാജരാകണം. കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്ന റസിഡന്‍സ് വിസ നിയമം ഇതിന് ബാധകമാണ്.