KeralaNEWS

കലാപം ഒഴിവാക്കാൻ സി.പി.എം 2 രാജ്യസഭാ സീറ്റും വിട്ടുനൽകി: പി.പി സുനീർ, ജോസ് കെ മാണി, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ രാജ്യസഭാ സ്ഥാനാർത്ഥികൾ

      സി.പി.ഐ സംസ്ഥാന അസി സെക്രട്ടറിയും ഹൗസിങ് ബോർഡ് വൈസ് ചെയർമാനുമായ പി.പി സുനീർ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എന്നിവരാണ് ഇടതുപക്ഷ മുന്നണിയുടെ രാജ്യസഭാ സ്ഥാനാർത്ഥികൾ. സുപ്രിംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റും മുസ്‌ലിം ലീഗ് പ്രതിനിധിയുമായ അഡ്വ. ഹാരിസ് ബീരാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുള്ള  പി.പി സുനീർ പാർട്ടിയില്‍ കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായിരുന്നു.  സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
‘വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. അത് കൃത്യമായി നിർവ്വഹിക്കും’ എന്ന് പിപി സുനീർ പ്രതികരിച്ചു.

Signature-ad

മുതിർന്ന നേതാവ് ആനി രാജ, പ്രകാശ് ബാബു എന്നിവരുടെ പേരുകൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നുവെങ്കിലും അവസാനം പി.പി സുനീറിലേക്ക് എത്തുകയായിരുന്നു.

കേരള കോൺഗ്രസ് (എം)  പാർലമെൻററി പാർട്ടി യോഗമാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.   പാർലമെൻറിൽ ജോസ് കെ മാണി മതേതര നിലപാടുകൾക്കായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് സ്ഥാനാർത്ഥിത്വമെന്നും കർഷകർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടി  തുടരുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.  ഇടതു മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കേരള കോൺഗ്രസ് എംന് നൽകിയ  പരിഗണനയിൽ   പാർട്ടി സംതൃപ്തി രേഖപ്പെടുത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് അഡ്വ. ഹാരിസ് ബീരാനെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

‘പാർട്ടി ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കു’മെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. തന്നെ പരിഗണിച്ചതിന് പാർട്ടി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം ഭരണഘടന സംരക്ഷിക്കാനായി പോരാടുമെന്ന് വ്യക്തമാക്കി.

മുസ്‌ലിം ലീഗ് രാജ്യസഭയിലേക്ക് നിരവധി നേതാക്കളെ പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഹാരിസ് ബീരാന് നറുക്ക് വീഴുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു തുടങ്ങിയവർ സീറ്റിനായി രംഗത്തുണ്ടായിരുന്നു. സാദിഖലി ശിഹാബ് തങ്ങളുടെ ഉറച്ച നിലപാടാണ് ഹാരിസ് ബീരാന് തുണയായത്. ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ ഹാരിസ് ബീരാനെ പിന്തുണച്ചു.

തിരഞ്ഞെടുപ്പിലെ വൻപരാജയത്തിനു പിന്നാലെ ഇടതു മുന്നണിയിൽ മുളപൊട്ടുന്ന  അസ്വാരസ്യം ഒഴിവാക്കാനാണ് 2  രാജ്യസഭാ സീറ്റുകളും സിപിഎം ഘടകകക്ഷികൾക്കു വിട്ടു നൽകിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: