IndiaNEWS

അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിച്ചേക്കും; ജെഡിയുവിന്റെ സമ്മര്‍ദത്തില്‍ ബിജെപി വഴങ്ങിയക്കും

ന്യൂഡല്‍ഹി: ജെഡിയുവിന്റെ സമ്മര്‍ദത്തിനു പിന്നാലെ സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുള്ള അഗ്‌നിപഥ് പദ്ധതി ബിജെപി പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. അഗ്‌നിപഥ് പദ്ധതിയില്‍ ഒട്ടേറെ പോരായ്മകളുണ്ടെന്നും അതില്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ അസ്വസ്ഥരാണെന്നും നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു. പോരായ്മകള്‍ വിശദമായി ചര്‍ച്ച ചെയ്ത് നീക്കം ചെയ്യണമെന്നും ജെഡിയു ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ മന്ത്രിസഭ അധികാരമേറ്റയുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജെഡിയുവിന്റെ ആശങ്ക പരിഗണിക്കുമെന്നും സഖ്യകക്ഷി മര്യാദകള്‍ പാലിക്കുമെന്നുമാണ് ഇക്കാര്യത്തില്‍ ബിജെപി നിലപാട്. പദ്ധതിയില്‍ മാറ്റം വേണമെന്ന് എല്‍ജെപി(റാം വിലാസ്) പാര്‍ട്ടിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

അഗ്‌നിവീരന്മാര്‍ക്ക് 15 വര്‍ഷത്തേക്ക് നിയമനം, സാധാരണ സൈനികര്‍ക്ക് തുല്യമായുള്ള സാമ്പത്തിക സഹായം എന്നിവയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചേക്കും. നിലവില്‍ 4 വര്‍ഷത്തെ സേവനത്തിനുശേഷം മികവ് പരിഗണിച്ച് 25% പേരെ മാത്രം 15 വര്‍ഷത്തേക്ക് നിയമിക്കുമെന്നാണ് പദ്ധതിയില്‍ പറയുന്നത്. സേവനകാലത്ത് സൈനികര്‍ വീരമൃത്യു വരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്താല്‍ മറ്റു സൈനികര്‍ക്ക് ലഭിക്കുന്ന അത്രയും ആനുകൂല്യങ്ങള്‍ അഗ്‌നിവീരന്മാര്‍ക്ക് ഉണ്ടാവില്ലെന്നും പുതിയ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിരുന്നു.

 

Back to top button
error: