IndiaNEWS

രാഹുല്‍ വയനാട് വിടുമോ? പകരം പ്രിയങ്ക വരുമോ?

വയനാട്: രാഹുല്‍ ഗാന്ധി മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതോടെ മണ്ഡലങ്ങളില്‍ ഏത് നിലനിര്‍ത്തും എന്ന കൗതുകത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. യുപിയിലെ റായ്ബറേലിയിലും വയനാട്ടിലും വന്‍ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ ജയം. വയനാട് സീറ്റ് ഒഴിയാനാണ് രാഹുലിന്റെ തീരുമാനമെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമെന്നും വിവരമുണ്ട്.

മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന് റായ്ബറേലിയിലും മൂന്ന് ലക്ഷത്തി അറുപത്തി നാലായിരം വോട്ടിന് വയനാട്ടിലും വന്‍ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ ജയം. യു.പിയിലും കേരളത്തിലും രാഹുലിന്റെ സാന്നിധ്യം ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സഖ്യത്തിന്റെ വന്‍ മുന്നേറ്റത്തിനു കാരണവുമായി.

Signature-ad

രണ്ടു സ്ഥലത്തും വന്‍ വിജയം നേടിയ രാഹുല്‍ റായ്ബറേലി നിലനിര്‍ത്താനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി നിലവിലെ ബൂത്ത് തല വോട്ടര്‍ പട്ടിക സൂക്ഷിച്ചുവെക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ കോണ്‍ഗ്രസ് നല്‍കുകയും ചെയ്തിരുന്നു.

അങ്ങനെ വന്നാല്‍, വയനാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മല്‍സരിപ്പിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇത്തവണ യുപിയില്‍ നിന്ന് മല്‍സരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും പ്രിയങ്ക തയ്യാറായിരുന്നില്ല. ഇതും വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നാണ് നിരീക്ഷണം.

സ്വന്തം കുടുംബമാണെന്ന് രാഹുല്‍ ആണയിട്ട് പറയുന്ന വയനാടിനെ ഉപേക്ഷിച്ചുവെന്ന പഴി സഹോദരിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് രാഹുലും കണക്കുകൂട്ടുന്നുണ്ട്. രാഹുലിനെന്ന പോലെ വയനാട്ടില്‍ പ്രിയയ്ങ്കക്കു മുന്നിലും വെല്ലുവിളികള്‍ ഇല്ലെന്നും കന്നി മത്സരത്തിനിറങ്ങുന്ന പ്രിയങ്കയുടെ പോരാട്ടം രാഹുലിന്റെ ഭൂരിപക്ഷത്തോട് മാത്രമായിരിക്കുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ അവകാശവാദം.

 

Back to top button
error: