യു.എ.ഇയിലെ ഫുജൈറയിൽ ടിക്ടോക് താരമായ ഷാനിഫ ബാബു എന്ന മലയാളി യുവതി 19-ാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവം സമസ്യയായി തുടരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ ഷാനിഫ ബാബുവിന്‍റെ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒന്നു പോലെ ഞെട്ടിച്ചു. സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സുള്ള താരത്തിന്‍റെ ആക്‌സമിക മരണം വിശ്വസിക്കാനാവാത്ത നിലയിലാണ് പലരും. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് 37 കാരിയായ ഷാനിഫ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തമായി നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ് മരിച്ച ഷാനിഫ. രണ്ടു പെണ്‍കുട്ടികളുണ്ട്. ദുബായില്‍ താമസിക്കുന്ന അമ്മ മരണം നടക്കുന്ന സമയത്ത് ഷാനിഫക്കൊപ്പം ഫുജൈറയിലുണ്ടായിരുന്നു.
ഷാനിഫയുടെ ഭര്‍ത്താവ് സനൂജാണ് ദാരുണമായ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.
‘ദയവുചെയ്ത് അവള്‍ക്കുവേണ്ടി പ്രാർഥിക്കുക…’ എന്നായിരുന്നു അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ഷാനിഫയുടെ ഭര്‍ത്താവും അമ്മയും കുട്ടികളും ആ സമയത്ത് അപ്പാര്‍ട്ട്‌മെന്‍റില്‍ ഉണ്ടായിരുന്നു. ഷാനിഫ വളര്‍ന്നത് യുഎഇയിലാണ്, മുഴുവന്‍ കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. ശനിയാഴ്ച ഷാനിഫയുടെ അമ്മ ദുബായില്‍ നിന്ന് മകളെ കാണാന്‍ ഫുജൈറയില്‍ എത്തിയിരുന്നു.
ഇന്‍സ്റ്റാഗ്രാമിലും ടിക് ടോക്കിലും ഷാനിഫ വളരെ സജീവമായിരുന്നു, രണ്ട് പ്ലാറ്റ്ഫോമുകളിലുമായി 90,000-ത്തിലേറെ ഫോളോവേഴ്സും ഉണ്ട്. കുടുംബത്തോടൊപ്പമുള്ള തന്റെ ജീവിതത്തെക്കുറിച്ചും മറ്റുമുള്ള തമാശ നിറഞ്ഞ റീലുകള്‍ പതിവായി പോസ്റ്റ് ചെയ്യുമായിരുന്നു ഷാനിഫ.
‘എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും.’ ഇതായിരുന്നു ഷാനിഫ അവസാനമായി ടിക്ടോക്കില്‍ പോസ്റ്റ് ചെയ്ത റീല്‍.