IndiaNEWS

കാനിൽ തിളങ്ങി ഇന്ത്യ: പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ​ഗ്രാൻ പ്രി പുരസ്കാരം

    കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ മലയാളികൾക്ക്  അഭിമാനമായി മാറി കനി കുസൃതിയും ദിവ്യ പ്രഭയും യുവതാരം ഹ്രിദ്ധു ഹാറൂണും. മേളയിലെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കിയ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകർന്നത് ഇവർ 3 പേരാണ്. പായൽ കപാഡിയ സംവിധാനം ചെയ്ത ഈ സിനിമ ഇന്ത്യയുടെ യശസ്സുയർത്തി. ആദ്യമായാണ് ഒരു വനിത സംവിധായിക ഈ പുരസ്കാരം സ്വന്തമാക്കുന്നത്

കാനിലെ മികച്ച ചിത്രത്തിനുള്ള ​ഗോൾഡൻ പാമിനായി ( Palme d’Or) ചിത്രം മത്സരിച്ചിരുന്നു. 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ഈ അവാർഡിനായി മത്സരിക്കുന്നത്. 1994ൽ ഷാജി എൻ കരുണിന്റെ സ്വം ആയിരുന്നു അവസാന ചിത്രം. ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ യ്ക്കാണ് ​ഗോൾഡൻ പാം ലഭിച്ചത്.

Signature-ad

‌മലയാളം- ഹിന്ദി ഭാഷയിൽ ഇറങ്ങിയ ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു.  കാനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് നേടിയത്. എട്ട് മിനിറ്റിലേറെ കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

ചേതന്‍ ആനന്ദ്, വി ശാന്താറാം, രാജ് കപൂര്‍, സത്യജിത്ത് റേ, എംഎസ് സത്യു, മൃണാല്‍ സെന്‍ തുടങ്ങിയവരുടെ സിനിമകളാണ് കാനിന്റെ മത്സര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ചേതന്‍ ആനന്ദിന്റെ നീച്ച നഗറാണ് ഇതുവരെ ഗോള്‍ഡ് പാം പുരസ്‌കാരത്തിന് നേടിയ ഇന്ത്യന്‍ സിനിമ.

ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കോ പ്രൊഡ്യൂസേഴ്‌സ്‌ ഇന്ത്യൻ കമ്പനികളായ ചോക്ക് & ചീസ് ഫിലിംസ്, അനദർ ബർത്ത് എന്നിവയും അതുപോലെ തന്നെ നെതർലാൻഡിലെ ബാൽദർ ഫിലിം, ലക്സംബർഗിലെ ലെസ് ഫിലിംസ് ഫൗവ്സ്, ഇറ്റലി എന്നിവരാണ്.  25 ദിവസം  മുംബൈയിലും  15 ദിവസം രത്നഗിരിയിലുമായിട്ടാണ്  ‘ഓൾ വീ ഇമാജിൻ ആസ് ലൈഫി’ന്റെ  ചിത്രീകരണം പൂർത്തിയാക്കിയത്. രണബീർ ദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് : ക്ലെമന്റ് പിന്റക്സ്.

പി.ആർ.ഒ : പ്രതീഷ് ശേഖർ.

Back to top button
error: