KeralaNEWS

ബാർ കോഴ ആരോപണം ചീറ്റിപ്പോയ പടക്കം: അനിമോൻ പറഞ്ഞത് നുണ, ഹോട്ടൽസ് അസോസിയേഷനിൽ നിന്ന് ഇയാളെ പുറത്താക്കിയതായി   പ്രസിഡന്റ് വി.സുനിൽ കുമാർ

     കേരള രാഷ്ട്രീയത്തിൽ സ്ഫോടനം സൃഷ്ടിച്ചു കൊണ്ട് വീണ്ടും ബാര്‍ കോഴ ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമാക്കാന്‍ ബാർ ഉടമകൾ 2.5 ലക്ഷം രൂപവീതം നല്‍കണം എന്ന ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖയാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ പേരിലുള്ള ശബ്ദ സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

പക്ഷേ ആരോപണം പുറത്തുവന്ന  പാടെ അത് തള്ളി എഫ്‌കെഎച്ച്എ. അനിമോൻ കോഴ നൽകാൻ നിർദേശിക്കുന്ന ശബ്ദസന്ദേശം ഗൂഢാലോചനയുടെ ഭാഗമാണ്. അംഗങ്ങളോട് പണമാവശ്യപ്പെട്ടത് ബിൽഡിങ് ഫണ്ടിനു വേണ്ടിയാണെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ വ്യക്തമാക്കി. സംഘടനയെ പിളർത്താൻ ശ്രമം നടത്തിയതിന് അനിമോനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം  തീരുമാനിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Signature-ad

‘‘ഞങ്ങളുടെ സംഘടനയിൽ 650 അംഗങ്ങളാണുള്ളത്.  സംഘടനയ്ക്ക് തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ എറണാകുളത്ത് ഒരു ഓഫിസ് ഉള്ളതുകൊണ്ട്  തലസ്ഥാനത്ത് ഓഫിസ് വേണ്ട എന്ന് അഭിപ്രായമുള്ള ചിലർ സംഘടനയിലുണ്ട്. കെട്ടിടം വാങ്ങുന്നത് സംബന്ധിച്ച് രണ്ടു തവണ തീരുമാനമെടുത്തിട്ടും എതിർപ്പ് കാരണം നടപ്പായില്ല. മൂന്നാം തവണ ശക്തമായിത്തന്നെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചു. മേയ് 30നുള്ളിൽ മുഴുവൻ തുകയും നൽകണം.

അമേരിക്കൻ മലയാളിയായ കെട്ടിട ഉടമസ്ഥനു നൽകേണ്ടത് 5.60 കോടിയാണ്. റജിസ്ട്രേഷൻ ചെലവുകൾക്കായി 60 ലക്ഷം രൂപയും വേണം. എന്നാൽ ഇതുവരെ 450 അംഗങ്ങളിൽനിന്നായി നാലരക്കോടിയോളം രൂപയാണ് ശേഖരിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപ വീതമാണ് ഒരാളിൽനിന്ന് വാങ്ങിയത്. അക്കൗണ്ട് മുഖേനയാണ് ഇടപെടലുകളെല്ലാം. കെട്ടിടം വാങ്ങാനുള്ള ബാക്കി തുക മേയ് 30നുള്ളിൽ കണ്ടെത്തണം  അതിനായി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ രണ്ടര ലക്ഷം രൂപ വീതം സംസ്ഥാനസമിതിക്ക് വായ്പയായി തരണം എന്നാണ് ആവശ്യപ്പെട്ടത്.

പക്ഷേ ഇതിനോട് അനിമോൻ ഉൾപ്പെടെയുള്ള ചിലർ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചു. കെട്ടിടം വാങ്ങാൻ തീരുമാനിച്ചപ്പോൾ തന്നെ അനിമോൻ ഉൾപ്പെടെ ഇടുക്കി,  കൊല്ലം ജില്ലകളിലെ ചിലർ ചേർന്ന് മറ്റൊരു സംഘടന രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.  രണ്ട് മാസത്തോളമായി ഇത് തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അനിമോന്റെ സാന്നിധ്യത്തിൽത്തന്നെ ഇതിനെ കമ്മിറ്റി വിമർശിക്കുകയും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോൾത്തന്നെ അനിമോൻ കമ്മിറ്റിയിൽ നിന്നിറങ്ങിപ്പോകുകയും ചെയ്തു.

ഡ്രൈഡേ ഒഴിവാക്കണമെന്നും സമയപരിധി കൂട്ടണമെന്നും സർക്കാരിനോട് നേരത്തെ തന്നെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഡ്രൈഡേ ഒഴിവാക്കിത്തന്നാൽ മാത്രമേ മുന്നോട്ടുപോകാനാകൂ. ബാർ ഹോട്ടലുകളുടെ കച്ചവടം 40 ശതമാനമാണ് കുറഞ്ഞത്. അതിനു പിന്നാലെയാണ് 5 ലക്ഷം രൂപ ഫീസിനത്തിൽ കൂട്ടിയത്. ഇതിലെ അമർഷം സർക്കാരിനെ അറിയിച്ചിട്ടുണ്ട്.’’
സുനിൽ കുമാർ വിശദീകരിച്ചു

എന്തായാലും ആരോപണം വ്യാജമാണെന്നു വ്യക്തമായെങ്കിലും എക്സൈസ് മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി.

Check Also
Close
Back to top button
error: