സ്വന്തമായി വീട്, ഏക്കറുകണക്കിന് സ്ഥലം, മികച്ച നിലയിൽ കൃഷി, മാസംതോറും വൻ വരുമാനം. 35 വർഷമായി മുംബൈ നഗരത്തില്‍ ഭിക്ഷാടനം നടത്തിവന്ന 69കാരിയായ ശാന്താഭായി കഴിഞ്ഞയാഴ്ച വാസ സ്ഥലത്ത് കൊല്ലപ്പെട്ടതോടെയാണ് ഇവരുടെ സമ്പാദ്യങ്ങളുടെ കണക്ക് പുറം ലോകം അറിഞ്ഞത്.
കൊലപാതകം അന്വേഷിച്ച പൊലീസ് സംഘം കണ്ടെത്തിയത് ഭിക്ഷാടനത്തിലൂടെ ശാന്താഭായി കോടികള്‍ സമ്പാദിച്ചിരുന്നു എന്നാണ്. തെരുവില്‍ യാചിച്ച് കിട്ടിയ വരുമാനംകൊണ്ട് സ്വദേശത്ത് ഇവർ പുതിയ വീടുണ്ടാക്കുകയും ലക്ഷങ്ങള്‍ മൂല്യമുള്ള സ്ഥലം വാങ്ങുകയും ചെയ്തു.
അന്വേഷണത്തിനൊടുവില്‍ ശാന്താഭായിയുടെ കൊലയാളിയെയും പൊലീസ് കണ്ടെത്തി.
മലാദ് വെസ്റ്റിലെ വിത്തല്‍ നഗർ എന്ന സ്ഥലത്തെ ഒരു വാടകക്കെട്ടിടത്തിലാണ് ശാന്താഭായി കഴിഞ്ഞിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
വാടകക്കെട്ടിടത്തില്‍ മുൻപ് താമസിച്ചിരുന്ന ബൈജു മഹാദേവ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. തമ്മില്‍ ഒരു ബന്ധവും മുൻവൈരാഗ്യവും ഇല്ലാതിരുന്നിട്ടും ബൈജു മഹാദേവ് എന്തിനാണ് ശാന്താഭായിയെ കൊലപ്പെടുത്തിയതെന്ന്, പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ബൈജു മഹാദേവ് നേരത്തെ ഈ കെട്ടിടത്തില്‍ താമസിച്ചപ്പോള്‍ തുടർച്ചയായി വാടക നല്‍കുന്നതില്‍ വീഴ്ചവരുത്തി. ഇതോടെ കെട്ടിട ഉടമ ഇയാളെ പുറത്താക്കി. അകത്തുണ്ടായിരുന്ന വസ്തുക്കള്‍ തിരികെയെടുക്കാൻ പോലും ഉടമ, ബൈജു മഹാദേവിനെ അനുവദിച്ചില്ല.
തുടർന്നാണ്, ഭിക്ഷാടകയായ ശാന്താഭായിക്ക് മാസം 4000 രൂപ വാടകക്ക് താമസസ്ഥലം നല്‍കിയത്. തന്‍റെ വസ്തുക്കള്‍ തിരികെയെടുക്കാൻ വേണ്ടിയാണ് ബൈജു മഹാദേവ് വെള്ളിയാഴ്ച രാത്രി ഇവിടെയെത്തിയത്. വാതില്‍ തുറക്കാനുള്ള വഴിയൊക്കെ ഇയാള്‍ക്ക് അറിയാമായിരുന്നു.
അകത്തുകടന്നപ്പോഴാണ് ഉറങ്ങിക്കിടക്കുന്ന ശാന്താഭായിയെ കണ്ടത്. ഇവർക്ക് അരികില്‍ ഒരു ബാഗും അതില്‍ നിറയെ പണവുമുണ്ടായിരുന്നു. പണം കൈക്കലാക്കി കടന്നുകളയാനുള്ള ബൈജു മഹാദേവിന്‍റെ ശ്രമത്തിനിടെ ശാന്താഭായി ഉറക്കമെണീക്കുകയും ബാഗിനായി മല്‍പ്പിടിത്തം നടത്തുകയും ചെയ്തു. തുടർന്ന് ശാന്താഭായിയുടെ തല നിലത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ശാന്താഭായിയുടെ താമസസ്ഥലത്ത് നിന്ന് കൂടുതല്‍ പണം കണ്ടെത്തിയപ്പോഴാണ് പൊലീസ് ഇവരുടെ വരുമാനത്തെ കുറിച്ച് അന്വേഷിച്ചത്. 35 വർഷം മുൻപ് ഭർത്താവ് മരിച്ചപ്പോഴാണ് ശാന്താഭായി മുംബൈ നഗരത്തിലെത്തിയത്. പിന്നീട് ഭിക്ഷാടനത്തില്‍ തുടരുകയായിരുന്നു. ഇതിലൂടെ ലഭിച്ച വരുമാനം കൊണ്ട് ഇവർ ഏകമകളെ വിവാഹം കഴിപ്പിച്ചു. സ്വദേശത്ത് മൂന്നേക്കർ സ്ഥലം വാങ്ങി പരുത്തിയും സോയയും ബീൻസും കൃഷിചെയ്തു. വീടുണ്ടാക്കി. മാസംതോറും 30,000 രൂപ പേരക്കുട്ടികള്‍ക്ക് അയച്ചുകൊടുത്തിരുന്നു എന്നും പൊലീസ് പറയുന്നു.
ബന്ധുക്കളെ കാണാനായി ശാന്താഭായി ഇടക്ക് വാഷിം ജില്ലയിലെ സ്വദേശത്ത് വരാറുണ്ടായിരുന്നു. ഭിക്ഷാടനത്തിന്‍റെ ആവശ്യം ശാന്താഭായിക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഇവർ ഈ രംഗത്ത് തന്നെ തുടരുകയായിരുന്നു.