CrimeNEWS

വേലി ചാടുന്ന കാമിനിക്ക് കാമുകൻ്റെ കൊലക്കത്തിയിൽ അന്ത്യം, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പരപുരുഷൻ്റെ ചൂടു തേടിപ്പോകുന്ന ഭാര്യമാർ വായിച്ചറിയാൻ…

     കഴിഞ്ഞ 3 മാസത്തിനിടെ കേരളത്തിൽ 12 ലധികം ഭർതൃമതികളായ യുവതികൾ കാമുകന്മാരുടെ കൊലക്കത്തിക്കിരയായി പിടഞ്ഞു മരിച്ചു. പേരൂര്‍ക്കട സ്വദേശി മായാ മുരളി എന്ന 39 കാരിയുടെ  കൊലപാതകമാണ് ഈ പരമ്പരയിലെ ഒടുവിലത്തേത്. കേസിലെ പ്രതി ഓട്ടോഡ്രൈവറായ 31 കാരൻ രഞ്ജിത്തിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം താമസിച്ചിരുന്ന മായ ഇതറിഞ്ഞ് തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഉറപ്പായതോടെ ഇയാള്‍ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നത്രേ. കൊലപാതകം നടന്ന് രണ്ടാഴ്ചക്കു  ശേഷം രഞ്ജിത്തിനെ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്ന് പൊലീസ് പിടികൂടി.
*     *    *
പയ്യന്നൂര്‍ അന്നൂരില്‍ അനില എന്ന ഭര്‍തൃമതിയെ കാമുകനായ സുദര്‍ശന്‍ ബാബു തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും ക്രൂരമായാണ് കൊലപ്പെടുത്തിയത്. യുവതി താനുമായി അകലുന്നു എന്ന് ബോധ്യമായതാണ് അതിൻ്റെ കാരണം. കൊലപാതകത്തിനു ശേഷം 22 കിലോമീറ്റർ അകലെ സ്വന്തം നാട്ടിൽ പോയി സുദര്‍ശന്‍ ജീവനൊടുക്കി.

രണ്ട് വര്‍ഷത്തിലേറെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദര്‍ശന്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് അനിലയെ കണ്ടുമുട്ടിയത്. അത് പ്രണയമായി. ഇരുവരും തമ്മില്‍ അടുത്തത് വീട്ടുകാർക്കിടയില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ മനസുമാറി സുദര്‍ശന്‍ ബാബുവില്‍ നിന്ന് അകലാന്‍ തീരുമാനിച്ചിരിക്കെയാണ് അനില കൊല്ലപ്പെട്ടത്.
*     *    *

Signature-ad

മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ വച്ച് സിംന ഷക്കീർ (32) എന്ന യുവതിയെ കാമുകനായ ഷാഹുൽ അലി (37) കുത്തിക്കൊന്നതും അടുത്ത നാളിലാണ് . വിദേശത്തു ജോലിയുള്ള ഭർത്താവ് ഷക്കീർ നാട്ടിലെത്തിയത് അടുത്ത നാളിലാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷക്കീറിനു ഭക്ഷണവുമായി എത്തിയതായിരുന്നു സിംന. പ്രണയബന്ധത്തിലെ തർക്കമാണ്  കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് സൂചിപ്പിച്ചു.

                    *     *    *

പാലക്കാട് പട്ടാമ്പിയിൽ
യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിന് കാരണവും കഥാനായിക മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നതു  തന്നെ. തൃത്താല സ്വദേശി പ്രിവിയ(30)യെയാണ്  ആലൂര്‍ സ്വദേശി സന്തോഷ്  കൊലപ്പെടുത്തിയത്. കൊടുമുണ്ട തീരദേശ റോഡില്‍ വച്ച് പ്രിവിയയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. കൃത്യത്തിന് പിന്നാലെ സന്തോഷും ജീവനൊടുക്കി.

പ്രിവിയയും സന്തോഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തില്‍നിന്ന് പിന്മാറി പ്രിവിയ മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രേരണയായത്. മുമ്പ് മറ്റൊരു  വിവാഹം കഴിച്ച പ്രിവിയ പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്.  സന്തോഷും യുവതിയും തമ്മില്‍ അടുപ്പത്തിലായത് ഇതിനു ശേഷമാണ്. പിന്നീട്  മറ്റൊരു  വിവാഹം നിശ്ചയിച്ചതോടെ യുവതി സന്തോഷുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.

                  *     *    *

     നൂറനാട് മറ്റപ്പള്ളി സുശീന്ദ്ര‌ം വീട്ടിൽ അനുജ രവീന്ദ്രൻ (36) തുമ്പമൺ  നോർത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. ചാരുംമൂട് സ്വദേശിയായ മുഹമ്മദ് ഹാഷിം (31) സ്വകാര്യ ബസ് ഡ്രൈവറും. ഇരുവരും വിവാഹിതർ. ഏറെകാലമായി രണ്ടു പേരും വഴി വിട്ട അടുപ്പത്തിലായിരുന്നു.  സഹപ്രവര്‍ത്തകരുടെ കൂടെ തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്ന അനുജയെ എം.സി റോഡില്‍ കുളക്കട വച്ച് ഹാഷിം  ട്രാവല്‍ തടഞ്ഞ് കാറിൻ കയറ്റിക്കൊണ്ടു പോകുന്നു.

ചിറ്റപ്പന്റെ മകൻ വിഷ്ണുവാണ് സഹോദരനാണ് എന്നൊക്കെയാണ് അനുജ ഹാഷിമിനെ കുറിച്ച് സഹ അധ്യാപകരോട് പറഞ്ഞിരുന്നത്. എന്തായാലും അല്പ സമയത്തിനുള്ളിൽ ഇരുവരുടെയും  മരണവാര്‍ത്തയാണ് ഇവർ  അറിയുന്നത്. എതിർദിശയിൽ നിന്നു വന്ന കണ്ടെയ്നർ ലോറിയിലേക്ക് അമിത വേഗത്തിൽ കാർ ഇടിച്ചു കയറ്റി ഹാഷിം. കാര്‍ വെട്ടിപ്പൊളിച്ചാണ്  ഇരുവരെയും പുറത്തെടുത്തത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഹാഷിമും അനൂജയും മരിച്ചിരുന്നു
*     *    *
തിരുവനന്തപുരം വഴയില്ല സ്വദേശിനി സിന്ധുവിനെ (50)   പേരൂർക്കട നടുറോഡിൽ വച്ച് പങ്കാളി പത്തനംതിട്ട സ്വദേശി രാജേഷ് (46) വെട്ടിക്കൊലപ്പെടുത്തിയത് രാവിലെ 9.30നാണ്.

രാജേഷും സിന്ധുവും വഴയിലയില്‍ ഒന്നിച്ചായിരുന്നു താമസം. പത്തനംതിട്ടയില്‍ ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ  തിരുവനന്തപുരത്ത്  ഒന്നിച്ച് താമസിക്കുകയായിരുന്നു.

എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇരുവരും അകന്നു.
ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായിരുന്നു കൊലപാതകം. എന്തായാലും
ഒടുവിൽ രാജേഷ് പൂജപ്പുര ജില്ലാ ജയിലില്‍ തൂങ്ങിമരിച്ചു.
*     *    *
തുറവുര്‍ സ്വദേശിനി ലിജിയെ കാമുകൻ മഹേഷ് അങ്കമാലി ആശുപത്രിയില്‍ വച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മഹേഷും ലിജിയും തമ്മിൽ ഏറെ നാളത്തെ പരിചയമുണ്ട്. പിന്നീട് പഴയ സഹപാഠികളുടെ പുനഃസമാഗമത്തിൽ കണ്ടുമുട്ടിയതോടെ പ്രണയം നാമ്പിട്ടു.

ലിജിക്കു ആദ്യത്തെ കുത്തേറ്റത് ഗൾഫിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ആകെ12 തവണ കുത്തി.
ലിജി ബന്ധം പെട്ടെന്ന് അവസാനിപ്പിച്ചതാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനു മൊഴി നൽകി.

പ്രണയപ്പക, വിവാഹേതരബന്ധം, പണക്കൊതി ഇതിലൊക്കെ  ജീവിതം ഹോമിച്ചവരുടെ എണ്ണം  ഇവിടെ അവസാനിക്കുന്നില്ല. കാമുകനൊപ്പം ജീവിക്കാന്‍ നാലു വയസ്സുകാരിയായ സ്വന്തം മകളെയും ഭര്‍ത്താവിൻ്റെ അമ്മയെയും  കാമുകനായ നിനോയ്ക്ക് ഒപ്പം ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥ അനുശാന്തി, മലപ്പുറംകാരി സൗജത്ത്, കൊല്ലത്തെ നീതുകൃഷ്ണ, തൃശൂർ കല്ലൂർ സ്വദേശിനി രസ്മ, അമ്പൂരി സ്വദേശി രാഖി തുടങ്ങി 100 കണക്കിനു യുവതികളുടെ   ജീവിതദുരന്തങ്ങൾ ഏവർക്കും പാഠമാകട്ടെ. ചതിയുടെ ചൂണ്ടയുമായി പതിയിരിക്കുന്ന കള്ളകാമുകന്മാരെക്കുറിച്ച് ജാഗ്രത പുലർത്തുക.

‘മാംസബദ്ധമല്ല അനുരാഗം’ എന്ന് കവി പാടിയെങ്കിലും ഇത്തരം ബന്ധങ്ങൾ പൂർണമായും മാംസബദ്ധമാണ്. അതുകൊണ്ടു തന്നെ ഈ ബന്ധങ്ങൾക്ക് ആയുസ്സ് കുറയും എന്ന കാര്യവും വിസ്മരിക്കരുത്.

Back to top button
error: