LIFENewsthen Special

നിഷ്ക്രിയരല്ല പോലീസ് ; നിഷ്ക്രിയരാക്കാനും കഴിയില്ല ” പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു

ഇന്ന് കേരളത്തിൽ പോലീസിംഗുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ മുഖ്യധാര മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഉയർന്നു വരുന്നുണ്ട്.

അതിൽ അവസാനം ഉയർന്ന ചർച്ച ഗുണ്ടാസംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളാണ്. സാധാരണ ജനങ്ങൾക്ക് നേരേ ഉണ്ടാകുന്ന ആക്രമണവും, ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾക്കൊപ്പം കുറ്റവാളികളെ നിയന്ത്രിക്കാനോ പിടികൂടാനോ എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാരും ക്രിമിനലുകളാൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഇത്തരം സംഭവങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്യുന്നു. അതിൽ ഇപ്പോൾ കണ്ട ഒരു വേറിട്ട ചർച്ച ഒരു ഗുണ്ടാ തലവൻ തന്നെ ഒരു ചാനലിന്റെ ന്യൂസ് ഡിബേറ്റിൽ പങ്കെടുക്കുന്നതാണ്. “അദ്ദേഹം” ആ ചർച്ചയിൽ ഉയർത്തിയ ഒരു പരാമർശം പോലീസ് പിടിച്ചാൽ അവരെ ഇടിച്ച് തകർക്കാറുണ്ട് എന്നാണ്. ഈ കാലഘട്ടത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത പരാമർശമായിരുന്നു അത്.

Signature-ad

കൂലിത്തല്ല്, ഗുണ്ടായിസം തുടങ്ങിയവ നടത്തിവരുന്നവരെ പരിശോധിച്ചാൽ അവർ മറ്റ് പല തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നതായി കാണാം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും മയക്കുമരുന്ന് കച്ചവടക്കാരേയും കൂട്ടത്തിൽ കാണാം. കൂടുതൽ ആഴത്തിൽ പരിശോധിച്ചാൽ സമൂഹത്തിന് മുന്നിൽ നന്മമരങ്ങളായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ചിലർ, അവരുടെ തിന്മകൾക്കായി ഇത്തരക്കാരെ ഉപയോഗിച്ചുവരുന്നു എന്ന ഞെട്ടൽ ഉണ്ടാക്കുന്ന സാഹചര്യവും കാണാൻ കഴിയും.

ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കാൻ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നു എന്നും വാർത്ത വന്നിട്ടുണ്ട്. നാടിനുതന്നെ അപകടകരമായ ഈ സ്ഥിതിവിശേഷം കൈകാര്യം ചെയ്യേണ്ട വിഭാഗം പോലീസ് തന്നെയാണ്. എന്നാൽ ഈ വിഷയത്തെ പോലീസ് മാത്രം കൈകാര്യം ചെയ്താൽ പരിഹരിക്കാൻ കഴിയുമോ ? വേറെയും മാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന കേരളത്തിൽ അതിന്റെ ഇരട്ടിയിലേറെ അറസ്റ്റുകളും നടന്നു വരുന്നു. ഇത്തരം അറസ്റ്റുകളിൽ ഒരു വർഷം ഒന്നോ രണ്ടോ അറസ്റ്റുകൾ മാത്രമാണ് വിവാദമാകാറുള്ളത്. അത്യപൂർവ്വം ചിലർ കസ്റ്റഡിയിൽ മരണപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതിൽ തന്നെ ബഹുഭൂരിപക്ഷവും സ്വന്തം ആരോഗ്യപ്രശ്നങ്ങളാൽ ആയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ ഒരാളും മരണപ്പെടാൻ പാടില്ല. പോലീസിന് നിയമപരമായി കുറ്റവാളികളെ കണ്ടെത്താൻ മാത്രമാണ് അധികാരം. അവരെ ജുഡീഷ്യറിക്ക് മുന്നിൽ എത്തിക്കുക. ശിക്ഷിക്കാനുള്ള അധികാരം ജുഡീഷ്യറിക്ക് മാത്രമാണ്. കൊലപാതക കേസിലോ, മോഷണകേസിലോ, മയക്കുമരുന്ന് കേസിലോ ഒക്കെ പ്രതിയായവർ മാത്രമാണ് പലപ്പോഴും കസ്റ്റഡിയിൽ മരണപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. ഉദാഹരണത്തിന് പാലക്കാട് ഷീല എന്ന സ്ത്രീയെ മൃഗീയമായി കൊലപ്പെടുത്തുക മാത്രമല്ല, അവരുടെ ശരീരത്തിലെ സ്വർണ്ണാഭരണങ്ങൾ അപഹരിക്കാൻ അത് ഊരി എടുക്കുന്നതിന് പകരം ചെവി അറുത്ത് കമ്മൽ ഉൾപ്പെടെ എടുത്തുകൊണ്ട് മൃഗീയമായ ക്രിമിനൽ പ്രവർത്തനം നടത്തിയ സമ്പത്ത് കസ്റ്റഡിയിൽ മരണപ്പെട്ടു. അതോടെ ഷീലയുടെ മരണം വിസ്മൃതിയിലാകുകയും, സമ്പത്ത് കസ്റ്റഡി മരണം മാത്രം ഇന്നും ചർച്ചയ്ക്ക് വരികയും ചെയ്യുന്നു. സമാനമായ നിരവധി നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്. മൂന്നാംമുറ പൂർണ്ണമായും ഉപേക്ഷിച്ച്, കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൃത്യമായി ഹാജരാക്കുന്ന ജോലി പോലീസ് നിറവേറ്റി വരുന്നു. അത്തരക്കാർക്ക് കോടതികൾ അനുവദിക്കുന്ന ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഇത്തരം പ്രവർത്തികൾ തുടർന്നും വരുന്നു.

തിരുവനന്തപുരത്ത് കരമനയിൽ കഴിഞ്ഞ ദിവസം ഒരു യുവാവ് കൊലചെയ്യപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതികളെ പടികൂടി കോടതിയിൽ എത്തിച്ചു. മറ്റൊരു കൊലക്കേസിൽ പോലീസ് പിടികൂടി ജുഡീഷ്യറിക്ക് മുന്നിൽ ഹാജരാക്കിയ പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും അവർ ഇങ്ങനെ ഒരു കൊലപാതകം നടത്തുന്ന സാഹചര്യമാണ് ഉണ്ടായത്. ഇത്തരം സാഹചര്യങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിന് ഗൗരവമായ പരിശോധനയും പരിഹാരമാർഗ്ഗങ്ങളും ഉണ്ടാകേണ്ടതാണ്.

ചില വിരുതന്മാർ അറസ്റ്റ് ചെയ്ത് റിമാൻറ് ചെയ്ത പോലീസുദ്യോഗസ്ഥന്മാർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പത്രസമ്മേളനം നടത്തുന്നു. ചില മാധ്യമങ്ങൾ പോലീസിനെതിരെ കിട്ടിയ ബ്രേക്കിംഗ് ന്യൂസായി പുറത്ത് വിട്ട് ആത്മാർത്ഥമായി ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥന്മാരെ മാനസികമായി തകർക്കുന്നു. മറ്റ് ചിലർ വ്യാജപരാതികളുമായി കോടതിയേയും മനുഷ്യാവകാശ കമ്മിഷനേയുമെല്ലാം സമീപിച്ച് അന്വേഷണത്തിന് ഉത്തരവ് നേടി എടുക്കുന്നു. പരാതി ഉണ്ടായാൽ അന്വേഷണത്തിന് ഉത്തരവ് ഇടുക സ്വാഭാവികമാണ്. എന്നാൽ അത് പോലീസിനെതിരായ വാർത്തയാക്കി പോലീസിനെ കുറ്റവാളിയാക്കി, യഥാർത്ഥ പ്രതികളെ വെള്ളപൂശുന്ന സാഹചര്യത്തിലേക്കാണ് പലപ്പോഴും എത്തുന്നത്. ഇത് ആത്മാർത്ഥമായി പോലീസ് ജോലി ചെയ്ത പോലീസുദ്യോഗസ്ഥന്മാരുടെയും, ഇവ കാണുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാരുടെയും മാനസിക നിലയും ആത്മവീര്യവും തകർത്ത് സേനയെ നിഷ്ക്രിയമാക്കാനേ ഉപകരിക്കൂ. ഇത്തരം പരാതികളുടെ അന്വേഷണത്തിൽ 90 % പരാതികളും അടിസ്ഥാന രഹിതം എന്ന കണ്ടെത്തലാണ് ഉണ്ടായിട്ടുള്ളത്. അത് ഒന്ന് പോലും വാർത്ത ആകുകയോ സമൂഹം അറിയുകയോ ചെയ്തിട്ടില്ല. വ്യാജ ആരോപണത്തിലൂടെ പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായ മാനനഷ്ടം മാത്രമാണ് മിച്ചമായി ഉണ്ടാകുക.

2014 ൽ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് പാറശാല പോലീസ് അറസ്റ്റ് ചെയ്ത ശ്രീജീവ് എന്ന യുവാവ് കസ്റ്റഡിയിൽ ഇരിക്കെ വിഷം കഴിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെടുകയും ചെയ്തിരുന്നു. അന്ന് സംസ്ഥാന പോലീസ് ആത്മഹത്യ എന്ന് കണ്ടെത്തിയ ഈ മരണം മൂന്ന് വർഷങ്ങൾക്ക് ശേഷം 2017ൽ കൊലപാതകം എന്ന നിലയിൽ ആദ്യം സോഷ്യൽ മീഡിയയിലൂടെയും പിന്നീട് മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വാർത്തയായി, വലിയ സമരമായി മാറി. 5 പോലീസ് ഉദ്യോഗസ്ഥന്മാർക്ക് എതിരായ നടപടിയാണ് അന്ന് ആവശ്യമായി ഉയർന്നത്. ദൗർഭാഗ്യവശാൽ അന്നത്തെ പോലീസ് കംപ്ലയിൻറ് അതോറിട്ടി ചെയർമാനും നിയമപരമല്ലാത്ത രേഖകൾ വച്ച് തെറ്റായ റിപ്പോർട്ടുകൾ നൽകിയും, മാധ്യമ ചർച്ചകളിൽ പങ്കെടുത്തും പോലീസിനെതിരായ നിലപാടെടുത്തു. ഈ ആരോപണത്തിലെ വസ്തുത അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ എന്ന ശരിയായ നിലപാട് കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകൾ കൈക്കൊള്ളുകയും അന്വേഷണം CBI ക്ക് വിട്ട് ഉത്തരവാക്കുകയും ചെയ്തു. CBI നടത്തിയ അന്വേഷണത്തിലൂടെ ശ്രീജീവിന്റെ മരണം ആത്മഹത്യ തന്നെ എന്ന് കണ്ടെത്തുകയും ചെയ്തു. കോടിതിയിൽ റിപ്പോർട്ട് നൽകി 3 വർഷം കഴിഞ്ഞിട്ടും നാളിതുവരെ ആ വിവരം വാർത്ത ആയിട്ടില്ല. ജനം അറിഞ്ഞിട്ടുമില്ല.

നാടിന്റെ സുരക്ഷയ്ക്കും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ എത്തിക്കാനും നിയമാനുസരണം അക്ഷീണം പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് അർഹിക്കുന്ന പരിഗണനയും സംരക്ഷണവും ഉറപ്പാക്കണം. ഏതെങ്കിലും പ്രവർത്തികളിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്ന് പ്രാഥമിക അന്വേഷണം നടത്തി ബോധ്യപ്പെട്ടാൽ മാത്രമേ നടപടി ഉണ്ടാകാൻ പാടുള്ളൂ. അതുപോലെ ഇത്തരം കേസുകളിൽ പ്രതിയായവർ നൽകുന്ന പരാതികൾ ലഭിക്കുമ്പോൾ തന്നെ പുറത്ത് വിട്ട് , പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ കേസെടുത്ത് വാർത്തയാക്കി പോലീസ് ഉദ്യോഗസ്ഥന്മാരുടെ മനോനില തകർക്കുന്ന സാഹചര്യവും ഒഴിവാക്കണം. അന്വേഷണത്തിൽ കഴമ്പുണ്ടെങ്കിൽ മാത്രമേ അവർക്കെതിരായി വാർത്തയും നടപടിയും ഉണ്ടാകാൻ പാടുള്ളൂ. പലപ്പോഴും പോലീസിനെതിരെ ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതും ഇത്തരം ക്രിമിനൽ മാഫിയാ സംഘങ്ങളാണ്. ഇങ്ങനെ വ്യാജ വാർത്തകൾ സൃഷ്ടിച്ച് പോലീസ് സേനയെ ആകെ പ്രതിരോധത്തിലാക്കി നിഷ്ക്രിയമാക്കുക എന്ന ലക്ഷ്യമാണ് ഇത്തരം സംഘങ്ങൾക്ക് ഉള്ളത്. അറിഞ്ഞോ അറിയാതെയോ ചിലരെങ്കിലും അത് ഏറ്റെടുക്കുന്നു. മാധ്യമങ്ങൾക്കപ്പുറം സാമൂഹ്യ മാധ്യമങ്ങളും ശക്തമായ ഇക്കാലത്ത് സർക്കാരും ജുഡീഷ്യറിയും മാധ്യമങ്ങളും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും മാത്രമല്ല പൊതുസമൂഹമാകെയും ഈ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരാൻ ഇനിയും വൈകരുത്.

കേരളത്തിലെ പോലീസ് ജനസൗഹൃദമാണ്.
നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാ സദ്ജനങ്ങളും നെഞ്ചോട് ചേർക്കുന്ന പോലീസ് സേനയാകണം നമ്മുടേത്. അതുപോലെ ക്രിമിനലുകളും മാഫിയകളും ഉൾപ്പെടെ പൊതുസമൂഹത്തിന്റെ സ്വൈരജീവിതം നശിപ്പിക്കുന്നവർക്ക് പോലീസ് സേനയെ ഭയവും ഉണ്ടാകണം. അതിലൂടെ ഗുണ്ടാ – മാഫിയാ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ ഒരു സ്ഥാനവുമില്ല എന്ന് ഉറപ്പാക്കണം. ഇതിനായി ഊണും ഉറക്കവും ഉപേക്ഷിച്ച് കർമ്മനിരതരായി ആത്മാർസ്ഥതയോടെ, സത്യസന്ധതയോടെ, നിയമാനുസരണം പ്രവർത്തിക്കുന്ന പോലീസ് സേനാംഗങ്ങൾക്ക് കൂടുതൽ ആത്മവീര്യം നൽകുന്ന, സംരക്ഷണം നൽകുന്ന സമീപനം ഭരണ – ജുഡീഷ്യൽ – അർദ്ധ ജുഡീഷ്യൽ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അങ്ങനെ നിയമ വിരുദ്ധത ഉണ്ടാക്കാതെ, നിയമപരമായി മാത്രം പ്രവർത്തിച്ച് ഈ നാടിന്റെ കാവലാളായി കൂടുതൽ മികവിലേക്കെത്താൻ നമ്മുടെ പോലീസിനും കഴിയണം.

 

Back to top button
error: