തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശത്ത് പോയത് സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. ദുബായ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പന്ത്രണ്ട് ദിവസമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.
ഭാര്യ കമല വിജയനും കൊച്ചുമകനുമായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. യാത്രയില്‍ സുരക്ഷാ ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസിന്റേയും കെ ബി ഗണേഷ് കുമാറിന്റെയും യാത്ര സ്വന്തം ചെലവിലായിരുന്നു.
മേയ് ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശ യാത്രയ്ക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിദേശത്ത് സ്വകാര്യ സന്ദര്‍ശനം നടത്താന്‍ പണം എവിടെനിന്നെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചത്. വിദേശയാത്ര സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പുകളില്ലാത്തത് ദൂരൂഹമാണെന്നാണും യാത്രയുടെ സ്പോണ്‍സറെ വെളിപ്പെടുത്തണമെന്നും ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു.
സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പാര്‍ട്ടി മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ വോട്ട് തേടുമ്പോള്‍ മുതിര്‍ന്ന പി.ബി അംഗവും രാജ്യത്തെ ഏക ഇടത് മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ വിദേശത്ത് അവധിയാഘോഷിക്കാന്‍ പോയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. വിദേശ സന്ദര്‍ശനം നേരത്തേ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരിച്ചെത്തിയിരുന്നു.
നവ കേരള യാത്രക്കായി കഠിന പ്രയത്‌നം ചെയ്ത മുഖ്യമന്ത്രി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് ചെയ്തത്. അദ്ദേഹത്തിന് വിശ്രമിക്കാന്‍ അവകാശമുണ്ട്. ആറ് ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒന്നേകാല്‍ ലക്ഷത്തോളം രൂപ മാസ ശമ്പളമുള്ള മുഖ്യമന്ത്രിക്ക് വിദേശത്തു പോകാന്‍ എവിടെ നിന്നാണ് പണമെന്ന് ചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണ്. മുമ്പും മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അന്നൊന്നും വിവാദം ഉണ്ടായിട്ടില്ലെന്നുമായിരുന്നു എ കെ ബാലന്‍ പറഞ്ഞത്.
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മേയ് പതിനെട്ടിന് പുലര്‍ച്ചെ 3.15നുള്ള വിമാനത്തില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയിരുന്നു.