KeralaNEWS

റസ്റ്റോറന്റുകളില്‍ ബിയര്‍, ബാറുകളില്‍ കള്ള്, ഒന്നാം തീയതിയിലും മദ്യം; കേരളം അടിമുടി മാറുകയാണ്

തിരുവനന്തപുരം: ടൂറിസം രംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ മദ്യനയത്തിന്റെ കരട്ചട്ടങ്ങള്‍ തയ്യാറാകുന്നു. റസ്റ്റോറന്റുകള്‍ വഴി ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള് എന്നിവ അതിഥികള്‍ക്ക് വില്‍ക്കാനുള്ള നിര്‍ദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കിയായിരിക്കും ലൈസന്‍സ് വിതരണം ചെയ്യുക. ഇതിനായി ഒരു ലക്ഷം രൂപ വരെ ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരും ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ വിഷയം സര്‍ക്കാര്‍ വിശദമായി ചര്‍ച്ച ചെയ്യും.

നയപരമായ കാര്യമായതിനാല്‍ ഇടത് മുന്നണി യോഗത്തിലും വിഷയം ചര്‍ച്ചയാകും. ടൂറിസം വകുപ്പ് നല്‍കുന്ന ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്റുകളില്‍ ബീയറും വൈനും വിളമ്പാം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലുമാകും കള്ള് ചെത്തി വില്‍ക്കാനുള്ള ലൈസന്‍സ്. സ്വന്തം വളപ്പിലെ കള്ള് ചെത്തി അതിഥികള്‍ക്കു നല്‍കാം. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന നയം തന്നെയാണ് ഇക്കാര്യത്തിലും. കഴിഞ്ഞ മദ്യനയത്തിലായിരുന്നു രണ്ട് പ്രഖ്യാപനങ്ങളും.

Signature-ad

കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി ആചരിക്കുന്നത് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒന്നാം തീയതിയില്‍ മദ്യശാലകള്‍ അടച്ചിടുന്നത് പിന്‍വലിച്ചാല്‍ അതിലൂടെ 12 ദിവസം അധികമായി പ്രവൃത്തി ദിവസങ്ങള്‍ ലഭ്യമാകും. വരുമാനത്തിലും വലിയ വര്‍ദ്ധനവ് സാദ്ധ്യമാകും. ബിവറേജ് വില്‍പ്പനശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് മാസത്തില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തില്‍ നഷ്ടമുണ്ടാകുന്നുവെന്നത് മാത്രമല്ല ഇത്തരമൊരു ആലോചനയിലേക്ക് കടക്കാനുള്ള പ്രേരണയായത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചിക്കുന്നതിന് പിന്നില്‍.

കൂടാതെ, ഇത് ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിര്‍ദേശത്തെക്കുറിച്ച് കുറിപ്പ് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. നികുതിവരുമാനം കൂട്ടാന്‍ നിശ്ചിതയെണ്ണം ചില്ലറ മദ്യവില്‍പ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാദ്ധ്യതയും പരിശോധിക്കും. മൈക്രോ വൈനറികള്‍ പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു.

മസാലചേര്‍ത്ത വൈനുകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാദ്ധ്യതകളും പരിശോധിക്കും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശകളില്‍ വീഞ്ഞു നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പിന്തുണ നല്‍കണമെന്നാണ് നിര്‍ദേശം. ഹോര്‍ട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തര്‍ദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനപരിശോധിക്കാനും നിര്‍ദേശമുണ്ട്.

 

Back to top button
error: