NEWSPravasi

പ്രവാസികളുടെ ജീവന് എന്തു വില…? സൗദിയിൽ കുടുങ്ങി 12 വർഷത്തിനു ശേഷം ചേതനയറ്റ് നാടണഞ്ഞ ഹരിപ്പാട് സ്വദേശിയും ഒമാൻ ജയിലിൽ മരിച്ച മലപ്പുറംകാരനും ദുരന്തത്തിൻ്റെ ഇരകൾ

    ഹരിപ്പാടിനടുത്ത് പള്ളിപ്പാട് ഗ്രാമത്തിന് കണ്ണീരടങ്ങുന്നില്ല. കഴിഞ്ഞ 12 വർഷമായി നിയമക്കുരുക്കിൽപ്പെട്ട് സൗദിയിൽ അലയുകയായിരുന്ന ഷിജു എന്ന 49 കാരൻ്റെ ആകസ്മിക വേർപാട് ജന്മനാടിനെ സങ്കടക്കടലിൽ ആഴ്ത്തി. പള്ളിപ്പാട് തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ മകൻ ഷിജു സൗദി അറേബ്യയിൽ ജോലി തേടി പോയത് ഒരു വ്യാഴവട്ടം മുമ്പാണ്. സൗജന്യ വീസയിലായിരുന്നു യാത്ര. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് (ഇക്കാമ) ലഭിക്കാത്തതിനാൽ നാട്ടിലേക്കു വരാൻ കഴിഞ്ഞില്ല.  12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിയമക്കുരുക്കൾ മറികടന്ന് നാട്ടിലേക്ക് പുറപ്പെടാനിരിക്കെ മരണം പതുങ്ങി വന്ന് ഷിജുവിന്റെ ജീവൻ കവർന്നു കൊണ്ടു പോകുകയായിരുന്നു.

സൗദിയിലെ ജുബൈലിൽ വച്ച് കഴിഞ്ഞ  5നാണു ഷിജു മരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മുതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്.

Signature-ad

മകൾ ഹെലന് രണ്ടര വയസ്സുള്ളപ്പോഴാണു ജോലി തേടി ഷിജു സൗദിയിലേക്കു പോയത്. അന്നുമുതൽ  നാട്ടിലേക്കു വരാനുള്ള നിരന്തര  പരിശ്രമം ഫലം കണ്ടു തുടങ്ങിയ ഘട്ടത്തിലാണ് മരണം. ഷിജുവിന്റെ വരവു പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഭാര്യ ബിൻസിക്കും മകൾ ഹെലനും താങ്ങാനാവാത്ത സങ്കടമാണ് ഈ വേർപാട് നൽകിയത്. പിതാവിനെ ജീവനോടെ ഒരു നോക്കുകാണാൻ കഴിയാതെ പോയതിന്റെ തീവ്ര ദുഖത്തിലാണ് ഹെലൻ.

വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് പള്ളിപ്പാട് സെന്റ് തോമസ് ഓർത്തഡോക്സ് കാതലിക്കേറ്റ് സിംഹാസന പള്ളിയിൽ ഷിജുവിന്റെ സംസ്കാരം നടന്നത്. പള്ളിപ്പാട് ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി ആ വേർപ്പാട്.    .

   ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലപ്പുറം സ്വദേശി അബ്​ദുൽ റസാഖിൻ്റെ (50) ജീവിതം മറ്റൊരു ദുരന്ത കഥയാണ്. തേഞ്ഞിപ്പലം പുത്തൂർ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അഹമ്മദ്​​ കുട്ടിയുടെ മകനാണ് അബ്ദുൽ റസാഖ്. ഒമാനിലെ​ സമാഇലിൽ ജയിലിൽ 4 ദിവസം മുമ്പ് മരിച്ചു എന്നാണ് ബന്ധുക്കൾക്ക്​ ലഭിച്ച വിവരം.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്​ 4 മാസങ്ങൾക്ക്​ മുമ്പാണ്​ അബ്​ദുൽ റസാഖ് ജയിലിലാകുന്നത്.

​ ജയിലിൽ വച്ച് അബ്​ദുൽ റസാഖിനെ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ ജയിൽ മോചിതനായ ശേഷം മരണവിവരം ​കെ.എം.സി.സിയെ ധരിപ്പിക്കുന്നത്​. പിന്നീട്​ കെ.എം.സി.സി​ നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കുകയായിരുന്നു.​

കോവിഡ്​ കാലത്തെ റൂം വാടകയും മറ്റും അടക്കം വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു ഇദ്ദേഹത്തിനെന്നും  6വർഷമായി നാട്ടിൽ പോയിട്ടെന്നും ബന്ധുകൾ പറഞ്ഞു. മൃത​ദേഹം റോയൽ ഒമാൻ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: