സോളാർ കേസുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാൻ ജോണ്‍ മുണ്ടക്കയം മധ്യസ്ഥനായി എന്നത് അസത്യമെന്ന് ചെറിയാൻ ഫിലിപ്പിന്റെ സാക്ഷ്യം. വി.എസ് അച്യുതാനന്ദന്റെ പിടിവാശിയ്ക്ക് വഴങ്ങിയാണ് എൽ.ഡി.എഫ് സോളാർ സമരം പ്രഖ്യാപിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഒത്തുതീർപ്പ് സാധ്യത ആരാഞ്ഞ് തിരുവഞ്ചൂരാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ആത്മബന്ധമുള്ളതിനാല്‍ അദ്ദേഹം ആഭ്യന്തരമന്ത്രി സ്ഥാനത്തിരുന്നപ്പോള്‍ ഔദ്യോഗിക വസതിയില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം അവിചാരിതമായാണ് അദ്ദേഹത്തിന്റെ ക്ഷണപ്രകാരം താന്‍ അവിടെ പോകുന്നത്. സോളാര്‍ സമരത്തിന്റെ രണ്ട് ദിവസം മുമ്പ് താന്‍ വീട്ടില്‍ ചെന്നപ്പോളാണ് അദ്ദേഹം സോളാറുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നത്.
അതെല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് സ്വാഭാവികമായും ആഗ്രഹമുണ്ടായാല്‍ കുറ്റപ്പെടുത്താനാകില്ല. മുഖ്യമന്ത്രിയെ ന്യായീകരിച്ചാണ് അദ്ദേഹം സംസാരിച്ചത്. സമരം പ്രായോഗികമല്ലെന്ന ആശങ്ക സി.പി.എം നേതാക്കള്‍ക്കുമുണ്ടായിരുന്നു. വി.എസ് അച്യുതാനന്ദന്റെ പിടിവാശിയ്ക്ക് വഴങ്ങിയാണ് എൽ.ഡി.എഫ് അങ്ങിനെയൊരു അപ്രായോഗിക സമരം പ്രഖ്യാപിച്ചത്. രണ്ട് മുന്നണികളും ഒരു പ്രതിസന്ധി നേരിടുകയായിരുന്നു.
ആ സമരം നടന്നാൽ വലിയ പ്രശ്നങ്ങളുണ്ടായി തലസ്ഥാന നഗരി ഒരു കുരുതിക്കളമായിത്തീരുമോ എന്ന ആശങ്കയാണ് തിരുവഞ്ചൂർ പ്രകടപ്പിച്ചത്. എന്നാൽ, സമരത്തിനായി വരുന്ന ആളുകൾ എവിടെ താമസിക്കും ഇവരുടെ പ്രാഥമിക സൗകര്യങ്ങൾക്ക് എന്തുചെയ്യും എന്നിങ്ങനെയായിരുന്നു ചർച്ച. ഈ സമയത്താണ് അവിചാരിതമായി തിരുവഞ്ചൂരുമായി ചർച്ച നടത്തുന്നത്.
അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും നേരെ കൈരളിയിലേക്കാണ് ഞാൻ പോയത്. കുറേ നേരം കഴിഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ എന്നെ ഫോണിലേക്ക് വിളിച്ച് ഒത്തുതീര്‍പ്പിന് എന്താണ് മാര്‍ഗമെന്ന് ആരാഞ്ഞു. മറുവശത്തും ഇതേ ആഗ്രഹമുള്ളതായി അദ്ദേഹത്തോടും പറഞ്ഞു. ഈ സമയത്ത് ജോണ്‍ ബ്രിട്ടാസിന്റെ മുറിയിലായിരുന്നു ഞാൻ.
“തിരുവഞ്ചൂരും ബ്രിട്ടാസും തമ്മിലുള്ള ഫോണ്‍ വിളിക്ക് ഞാനാണ് സന്ദര്‍ഭം ഒരുക്കിയത്. ഒടുവില്‍, ഞങ്ങള്‍ നടത്തിയ ആലോചനയ്ക്ക് ശേഷം വൈകീട്ട് ഞാനും ബ്രിട്ടാസും ഒരുമിച്ചാണ് തിരുവഞ്ചൂരിന്റെ വീട്ടിലേക്ക് പോയത്. അന്ന് ഞങ്ങളെ അലട്ടിയ പ്രശ്നം സമരം മുന്നോട്ട് പോയാൽ ആര് രക്ഷപ്പെടും ആര് ശിക്ഷിക്കപ്പെടും എന്നതല്ല. ഇത്രയും ആളുകൾ കൂട്ടത്തോടെ വന്നാൽ പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾക്കും കഴിയില്ല. പോലീസിനേയും നിയന്ത്രിക്കാനാവില്ല. കലാപകലുഷിതമായ അന്തരീക്ഷത്തിൽ തിരുവനന്തപുരത്ത് ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തത്തെക്കുറിച്ചുള്ള ആശങ്കയാണ് ഞങ്ങൾ പങ്കുവച്ചത്…”
ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഈ വിഷയം സ്വാഭാവികമായും തിരുവഞ്ചൂര്‍ ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചിട്ടുണ്ടാകും. പിണറായിയോടും കോടിയേരിയോടും ജോണ്‍ ബ്രിട്ടാസും കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അന്ന് സമരം ഒത്തുതീര്‍പ്പാക്കേണ്ടത് കേരളത്തിന്റെ ആവശ്യമായിരുന്നു. സമരം ഉപേക്ഷിച്ചതിൽ ഏറ്റവും സന്തുഷ്ടരായത് സിപിഎം അണികളായിരുന്നു. വലിയ ദുരന്തം ഒഴിവായ സന്തോഷമായിരുന്നു അവർക്ക്. കേരള ജനതയെ സംബന്ധിച്ചും ഇത് ആശ്വാസകരമായിരുന്നു. എന്നാൽ, ഇക്കാര്യം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഒന്നും ബാധിച്ചില്ലെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
ജോൺ ബ്രിട്ടാസിനെതിരെ മാധ്യമപ്രവര്‍ത്തകൻ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം ജുഡീഷ്യൽ അന്വേഷണമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയിലൂടെ അവസാനിപ്പിക്കാൻ അന്ന് തൻ്റെ മധ്യസ്ഥതയിൽ പാര്‍ട്ടി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയും പിണറായി വിജയന്റെ വിശ്വസ്തനുമായ ജോണ്‍ ബ്രിട്ടാസാണ് ഇടപെടലുകള്‍ നടത്തിയത് എന്നായിരുന്നു മുണ്ടക്കയത്തിന്റെ അവകാശവാദം.